കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡണ്ട് ഇലവന്‍ നായകനും മലയാളിയുമായ സഞ്ജു സാംസണിന് സെഞ്ച്വറി. 123 പന്തില്‍ 15 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് സഞ്ജു സെഞ്ച്വറി നേടിയത്.
മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ജീവന്‍ജ്യോത് സിംഗുമായി ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ നായകന്‍ നാലാം വിക്കറ്റില്‍ മലയാളി താരം തന്നെയായ രോഹന്‍ പ്രേമിനൊപ്പം 71 റണ്‍സും കൂട്ടുച്ചേര്‍ത്തു.
ശ്രീലങ്ക ഉയര്‍ത്തിയ 411 റണ്‍സ് പിന്തുടരുന്ന പ്രസിഡണ്ട്‌സ് ഇലവന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 57 ഓവറില്‍ നാലിന് 228 റണ്‍സ് എന്ന നിലയിലാണ്.
നേരത്തെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സധീര സമരവിക്രമ (74), ദിമുത് കരുണരത്‌ന (50), എയ്ഞ്ചലോ മാത്യൂസ് (54), നിരോഷന്‍ ദിക്‌വെല്ല (73 നോട്ടൗട്ട്) എന്നിവരാണ് അര്‍ധസെഞ്ചുറി കണ്ടെത്തിയത്.
കേരളതാരം സന്ദീപ് വാരിയര്‍ രണ്ടു വിക്കറ്റു നേടി. ടോസ് നേടിയ ബോര്‍ഡ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ശ്രീലങ്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.