| Friday, 8th November 2024, 10:14 pm

സഞ്ജുവിന്റെ തീയില്‍ എരിഞ്ഞമര്‍ന്ന് പ്രോട്ടിയാസ്; വെടിക്കെട്ട് സെഞ്ച്വറിയില്‍ പിറന്നത് ഇരട്ട റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ 18 ഓവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്.

മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ പ്രോട്ടിയാസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് പൊരിക്കുന്ന കാഴ്ചയാണ് ഡര്‍ബനില്‍ പിന്നീട് കാണാന്‍ സാധിച്ചത്. ടി-20 കരിയറില്‍ തന്റെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയാണ് സഞ്ജു തന്റെ താണ്ഡവം അവസാനിപ്പിച്ച് മടങ്ങിയത്.

സഞ്ജുവിന്റെ സെഞ്ച്വറി റെക്കോഡ്

50 പന്തില്‍ 10 സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടി സഞ്ജു പുറത്തായത്. നഖ്ബാ പീറ്ററിന്റെ പന്തിലാണ് പ്രോട്ടിയാസിന് നിര്‍ണായക വിക്കറ്റ് ലഭിച്ചത്. വെടിക്കെട്ട് ഇന്നിങ്‌സില്‍ തന്റെ രണ്ടാം ടി-20ഐ സെഞ്ച്വറി നേടിയ സഞ്ജു ഒരു അടാര്‍ സെഞ്ച്വറി റെക്കോഡ് സ്വന്തമാക്കിയത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ബാക് ടു ബാക്ക് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനാകാനാണ് സഞ്ജുവിന് സാധിച്ചത്. തന്റെ 47ാം പന്തിലാണ് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ സൗത്ത് ആഫ്രിക്കയോട് ടി-20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി സഞ്ജു ക്രിക്കറ്റ് ലോകത്തെ ആമ്പരപ്പിച്ചിരുന്നു. തന്റെ 27ാം പന്തിലായിരുന്നു താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഓപ്പണര്‍ അഭിഷേക് ശര്‍മ മൂന്നാം ഓവര്‍ എറിയാനെത്തിയ ജെറാള്‍ഡ് കോഡ്‌സിയുടെ പന്തിലാണ് പുറത്തായത്. ഒരു ഫോര്‍ അടക്കം ഏഴ് റണ്‍സിനാണ് താരം കൂടാരം കയറിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 17 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 21 റണ്‍സിനും കൂടാരം കയറി. തിലക് വര്‍മ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 33 റണ്‍സിനാണ് മടങ്ങിയത്. ഹര്‍ദിക് പാണ്ഡ്യ രണ്ട് റണ്‍സിനും മടങ്ങിയതോടെ ക്രീസിലുള്ളത് റിങ്കുവും അക്‌സറുമാണ്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്ണോയി, ആവേശ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

റയാന്‍ റിക്കല്‍ട്ടണ്‍, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഹെന്റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, പാട്രിക് ക്രൂഗര്‍, മാര്‍കോ യാന്‍സെന്‍, ആന്‍ഡില്‍ സിമെലെന്‍, ജെറാള്‍ഡ് കോട്സി, കേശവ് മഹാരാജ്, ഡോണാവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്സ്, എംബയോംസി പീറ്റര്‍,

Content Highlight: Sanju Samson Made His Second Century In T-20i And Achieve Great Record

We use cookies to give you the best possible experience. Learn more