ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായ അസമിലെ ബര്‍സാപര സ്‌റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് രാജസ്ഥാന് നേരിടാനുള്ളത്.
മത്സരത്തിനിറങ്ങും മുമ്പ് തന്നെ റെക്കോഡ് അലേര്‍ട്ടുമായാണ് ഇരുടീമിന്റെയും താരങ്ങള്‍ കളത്തിലിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍, ഓപ്പണര്‍ ജോസ് ബട്‌ലര്‍, മാജിക്കല്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും പഞ്ചാബ് നിരയില്‍ ഭാനുക രാജപക്‌സെ, സ്റ്റാര്‍ പേസര്‍ കഗീസോ റബാദ എന്നിവരുമാണ് റെക്കോഡിലേക്ക് കണ്ണ് നട്ടിരിക്കുന്നത്.
സിക്‌സറുകളുടെ എണ്ണത്തിലാണ് സഞ്ജു സാംസണ് റെക്കോഡ് കരസ്ഥമാക്കാന്‍ സാധ്യതയുള്ളത്. ടി-20 ഫോര്‍മാറ്റില്‍ ഇതിനോടകം തന്നെ 244 സിക്‌സര്‍ പറത്തിയ സഞ്ജുവിന് ആറ് സിക്‌സര്‍ കൂടി നേടാന്‍ സാധിച്ചാല്‍ 250 സിക്‌സര്‍ എന്ന മാജിക്കല്‍ നമ്പറിലേക്കെത്താന്‍ സാധിക്കും.
ഇതിന് പുറമെ മിഡില്‍ ഓര്‍ഡറിലെ സിക്‌സറുകളിലും സഞ്ജുവിന് നേട്ടമുണ്ടാക്കാന്‍ സാധിക്കും. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ മിഡില്‍ ഓവറിലെ സിക്‌സറുകളുടെ എണ്ണത്തില്‍ സഞ്ജു സെഞ്ച്വറിയടിച്ചിരുന്നു. മിഡില്‍ ഓവറില്‍ അഞ്ച് സിക്‌സര്‍ കൂടി നേടാന്‍ സാധിച്ചാല്‍ റോബിന്‍ ഉത്തപ്പക്കൊപ്പം എത്താന്‍ സഞ്ജുവിനാകും.
മിഡില്‍ ഓവറുകളില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍
സുരേഷ് റെയ്ന – 119
വിരാട് കോഹ്‌ലി – 111*
യൂസുഫ് പത്താന്‍ – 106
റോബിന്‍ ഉത്തപ്പ – 105
സഞ്ജു സാംസണ്‍ – 100*
ടി-20യിലെ ഇരട്ട നേട്ടമാണ് ബട്‌ലറെ കാത്തിരിക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ ഇതിനോടകം തന്നെ 9,461 റണ്‍സ് നേടിയ ബട്‌ലറിന് 39 റണ്‍സ് കണ്ടെത്താനായാല്‍ 9,500 റണ്‍സ് എന്ന നമ്പറിലേക്കെത്താന്‍ സാധിക്കും.
ഐ.പി.എല്ലില്‍ കളിച്ച 83 മത്സരത്തിലെ 82 ഇന്നിങ്‌സില്‍ നിന്നുമായി 2,885 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 115 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഇംഗ്ലണ്ട് നായകന് സാധിച്ചാല്‍ ഐ.പി.എല്ലിലെ 3,000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാനും ബട്‌ലറിനാവും.
രാജസ്ഥാന്റെ ബൗളിങ്ങിലെ കുന്തമുനയായ ചഹലിനെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടമാണ്. ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ചഹലിന് വേണ്ടത് വെറും ഒറ്റ വിക്കറ്റ് മാത്രമാണ്.
132 മത്സരത്തില്‍ നിന്നുമായി ചഹല്‍ എറിഞ്ഞുവീഴ്ത്തിയത് 170 വിക്കറ്റാണ്. രാജസ്ഥാന്റെ ബൗളിങ് കോച്ചും മുംബൈ ഇന്ത്യന്‍സ് – ശ്രീലങ്ക ലെജന്‍ഡുമായ ലസിത് മലിംഗക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ചഹല്‍ ഇപ്പോള്‍.
ഇനി 14 വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോഡും ചഹലിന് സ്വന്തമാകും. 183 വിക്കറ്റാണ് ഒന്നാം സ്ഥാനത്തുള്ള ബ്രാവോയുടെ പേരിലുള്ളത്.
ടി-20യിലെ 3,000 റണ്‍സ് ക്ലബ്ബിലേക്കാണ് പഞ്ചാബിന്റെ ശ്രീലങ്കന്‍ സൂപ്പര്‍ താരം ഭാനുക രാജപക്‌സെ കണ്ണുനട്ടിരിക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ ഇതിനോടകം 2,919 റണ്‍സ് നേടിയ രാജപക്‌സെക്ക് 89 റണ്‍സ് നേടിയാല്‍ ടി-20യിലെ 3K ക്ലബ്ബില്‍ ഇടം നേടാം.
പഞ്ചാബിന്റെ തന്നെ സൗത്ത് ആഫ്രിക്കന്‍ സ്പീഡ്സ്റ്റര്‍ കഗീസോ റബാദ ഒരു സെഞ്ച്വറിക്ക് തൊട്ടടുത്താണ്. ഐ.പി.എല്ലില്‍ 100 വിക്കറ്റ് എന്ന മൈല്‍സ്റ്റോണ്‍ മറികടക്കാന്‍ റബാദക്കാവശ്യം വെറും ഒരു വിക്കറ്റ് മാത്രമാണ്.