വിരാട് കോഹ്‌ലി, സഞ്ജു സാംസണ്‍, രാഹുല്‍ ദ്രാവിഡ്; ആ പട്ടിക ഇനി ഇങ്ങനെ; എലീറ്റ് ലിസ്റ്റില്‍ ഇടം നേടി സഞ്ജു
Sports News
വിരാട് കോഹ്‌ലി, സഞ്ജു സാംസണ്‍, രാഹുല്‍ ദ്രാവിഡ്; ആ പട്ടിക ഇനി ഇങ്ങനെ; എലീറ്റ് ലിസ്റ്റില്‍ ഇടം നേടി സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th October 2022, 1:54 pm

ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചുകൊണ്ട് പരമ്പരയില്‍ മുമ്പിലെത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. ഇന്ത്യക്കെതിരെ തങ്ങളുടെ 50ാം ഏകദിന വിജയം എന്ന ചരിത്രനേട്ടം കുറിക്കാനും ഇതോടെ പ്രോട്ടീസിനായി.

ഒരുവേള പരാജയം മുമ്പില്‍ കണ്ടുകൊണ്ടാണ് സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയത്. സഞ്ജു സാംസണ്‍ എന്ന മലവെള്ളപ്പാച്ചില്‍ ഒലിച്ചുപോകാതെ പിടിച്ചുനിന്നുകൊണ്ടായിരുന്നു ദക്ഷിണാഫ്രിക്ക വിജയിച്ചത്.

63 പന്തില്‍ നിന്നും പുറത്താകാതെ 86 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ താങ്ങി നിര്‍ത്തിയത് സഞ്ജുവും അയ്യരും ചേര്‍ന്ന മധ്യനിരയായിരുന്നു.

മത്സരം ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ച് പല ഇതിഹാസ താരങ്ങളും രംഗത്തെത്തിയിരുന്നു. വിരേന്ദര്‍ സേവാഗ്, ഇര്‍ഫാന്‍ പത്താന്‍ മുതല്‍ ഇയാന്‍ ബിഷപ് വരെ നീണ്ടുനില്‍ക്കുന്നതാണ് സഞ്ജുവിനെ അഭിനന്ദിച്ചവരുടെ നീണ്ടനിര.

കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും സഞ്ജു സാംസണായി. രാഹുല്‍ ദ്രാവിഡിനെ മറികട
ന്നുകൊണ്ടായിരുന്നു വിരാട് കോഹ്‌ലി ലീഡ് ചെയ്യുന്ന ലിസ്റ്റിലേക്ക് സഞ്ജു കാലെടുത്ത് വെച്ചത്.

സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ പരാജയപ്പെട്ട ഏകദിന മത്സരത്തില്‍, ചെയ്‌സിങ്ങില്‍ പുറത്താകാതെ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ബാറ്റര്‍മാരുടെ പട്ടികയിലാണ് സഞ്ജു ഇടം നേടിയത്.

വിരാട് കോഹ്‌ലിയാണ് പട്ടികയിലെ ഒന്നാമന്‍. 2011ലെ ഇന്ത്യ – സൗത്ത് ആഫ്രിക്ക എന്‍കൗണ്ടറിനിടെയാണ് ദ്രാവിഡിനെ മറികടന്ന് വിരാട് ഈ റെക്കോഡ് കരസ്ഥമാക്കിയത്. പുറത്താകാതെ 87 റണ്‍സായിരുന്നു വിരാട് സ്വന്തമാക്കിയത്.

വിരാട് കോഹ്‌ലി – 87* (2011)

സഞ്ജു സാംസണ്‍ – 86* (2022)

രാഹുല്‍ ദ്രാവിഡ് – 71* (2001)

 

ഇതിന് പുറമെ സ്വന്തം പോര്‍ട്ഫോളിയോയിലെ ഒരു റെക്കോഡ് മാറ്റിയെഴുതാനും സഞ്ജുവിനായി.

ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോറാണ് സഞ്ജു കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിന് മുമ്പ് 54 റണ്‍സായിരുന്നു ഏകദിനത്തില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.

അടുത്ത മത്സരത്തിലും സഞ്ജു ഇതേ പ്രകടനം തന്നെ ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം. റാഞ്ചിയാണ് വേദി.

 

 

Content highlight: Sanju Samson joins the elite list of cricketers includes Virat Kohli, Rahul Dravid