ഐ.പി.എല്‍ മത്സരങ്ങള്‍ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ ആദ്യ നാലില്‍ എത്താന്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവുമായി 14 പോയിന്റ് സ്വന്തമാക്കിയാണ് രാജസ്ഥാന്‍ കുതിക്കുന്നത്.
രണ്ടാം സ്ഥാനത്ത് 10 പോയിന്റുമായി കൊല്‍ക്കത്തയും മൂന്നാം സ്ഥാനത്ത് ഹൈദരബാദും നാലാം സ്ഥാനത്ത് ലഖ്‌നൗവുമാണ്. എന്നാല്‍ ഐ.പി.എല്‍ കിരീടത്തിനുപരി വരാനിരിക്കുന്ന ടി-20 ലോകകപ്പ് ടീമില്‍ ഇടം നേടാനും താരങ്ങള്‍ വമ്പന്‍ പോരാട്ടത്തിലാണ്.
അതില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ ഏതൊക്കെ താരങ്ങളെയാണ് സെലഷന്‍ കമ്മിറ്റി തെരഞ്ഞടുക്കുക എന്നത്. മലയാളികളും ആരാധകരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പേര് സഞ്ജു സാംസണ്‍ എന്നു തന്നെയാണ്. മികച്ച പ്രകടനമാണ് സഞ്ജു ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ടീമിന് വേണ്ടി കാഴ്ചവെക്കുന്നത്.
എന്നാല്‍ ഈ റോളില്‍ ലോകകപ്പിലേക്ക് എത്തിച്ചേരാന്‍ റിഷബ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവരും കട്ടക്ക് നില്‍ക്കുന്നവരാണ്. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാക്കര്‍ അടങ്ങുന്ന സെലഷന്‍ പാനല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സാധ്യത കൊടുക്കുന്നത് പന്തിനും രാഹുലിനുമാണ്. അഗാക്കറും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ന്യൂദല്‍ഹിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് താരങ്ങളുടെ ലോകകപ്പ് സാധ്യതകള്‍ വിലയിരുത്തിയത്.