| Tuesday, 13th September 2022, 7:53 am

പിന്താങ്ങുന്നു എന്ന് പറഞ്ഞിട്ട് ഇത് അവനിട്ട് താങ്ങിയതല്ലേ രോഹിത്തേ!! രോഷമടങ്ങുന്നില്ല, ട്വിറ്ററില്‍ ട്രെന്റിങ്ങായി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. സമീപകാലത്തെ മികച്ച പ്രകടനം കണക്കിലെടുത്ത് സഞ്ജു സാംസണ്‍ ടീമിനൊപ്പമുണ്ടാകുമെന്നായിരുന്നു പലരും കരുതിയിരുന്നത്.

ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീം സെലക്ഷനില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്തുമെന്ന് കരുതിയിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ഒരു സര്‍പ്രൈസും സസ്‌പെന്‍സുമില്ലാത്ത ടീമായിരുന്നു ഇന്ത്യ പ്രഖ്യാപിച്ചത്. കാത്തിരുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.

ഫാന്‍ ഫേവറിറ്റായ മുഹമ്മദ് ഷമിയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് ഷമിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സ്റ്റാന്‍ഡ് ബൈ താരമായിട്ട് പോലും സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കാത്തത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ റിഷബ് പന്തും വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കുമാണ് ടീമിലുള്ളത്. എന്നാല്‍ ടി-20യില്‍ ഇരുവരുടെയും സമീപകാല സ്റ്റാറ്റ്‌സുകള്‍ അത്രകണ്ട് മികച്ചതല്ല. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഇവര്‍ മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇത് കണ്ടതാണ്.

എന്നിട്ടും അവരെ വീണ്ടും വീണ്ടും ഇന്ത്യന്‍ ടീം പരിഗണിച്ചുകൊണ്ടേയിരിക്കുകയാണ്.

ഇതെല്ലാം ആരാധകരുടെ രോഷം ഇരട്ടിയാക്കിയിട്ടുമുണ്ട്. ഇവരേക്കാള്‍ മികച്ച ട്രാക്ക് റെക്കോഡ് ഓസ്‌ട്രേലിയയില്‍ സഞ്ജുവിനുണ്ടായിട്ടും താരത്തെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് വന്‍ പ്രതിഷേധമാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ അലയടിക്കുന്നത്.

ഒരു കാലതത് മലയാളികള്‍ മാത്രം സപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്ന സഞ്ജുവിനെ പിന്തുണക്കാന്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ എല്ലാം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് നിന്നുപോലും സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം, പരിക്ക് കാരണം ഏഷ്യാ കപ്പില്‍ നിന്നും പുറത്തായ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായ ഓള്‍ റൗണ്ടര്‍ ഹര്‍ഷല്‍ പട്ടേലും ടീമിനൊപ്പമുണ്ട്.

രോഹിത്തും രാഹുലും ചേര്‍ന്ന് തുടക്കമിടുന്ന ബാറ്റിങ്ങിന് വിരാടും വെടിക്കെട്ടിന് തിരികൊളുത്തും. സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, എന്നിവരായിരിക്കും മിഡില്‍ ഓര്‍ഡറില്‍ ബാറ്റിങ് നയിക്കുക. ഫിനിഷിങ്ങില്‍ ദിനേഷ് കാര്‍ത്തിക്കും ഹര്‍ദിക് പാണ്ഡ്യയും അണിനിരക്കും.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് ലോകകപ്പ് നഷ്ടമായ ജഡേജക്ക് പകരക്കാരനായി അക്‌സര്‍ പട്ടേലിനെ തന്നെയാവും ടീം പരിഗണിക്കുക.

പേസ് നിരയില്‍ ബുംറയുടെ പിന്നാലെ പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറും യുവതാരം അര്‍ഷ്ദീപും ഹര്‍ഷല്‍ പട്ടേലും അണിനിരക്കും. അശ്വിനും ചഹലുമാകും ഇന്ത്യയുടെ സ്പിന്‍ നിരയെ നയിക്കാനുണ്ടാവുക.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട്‌കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ബി. കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

സ്റ്റാന്‍ഡ്ബൈ പ്ലയേഴ്സ് – മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചഹര്‍.

Content Highlight: Sanju Samson is trending on Twitter after not making it to India’s ICC T20 World Cup 15-man squad.

We use cookies to give you the best possible experience. Learn more