| Thursday, 18th May 2023, 10:20 pm

സഞ്ജുവിന്റെ കരിയറിലെ തന്നെ പ്രധാന മത്സരം; 23 റണ്‍സ് കൊണ്ടുചെന്നെത്തിക്കുക ഐതിഹാസിക നേട്ടത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ അവസാന ലീഗ് ഘട്ട മത്സരത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ലാത്ത രാജസ്ഥാന്‍ റോയല്‍സിന് പഞ്ചാബിനെതിരെ വിജയം അനിവാര്യമാണ്.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ സംബന്ധിച്ച് ഈ മത്സരം നിര്‍ണായകമാണ്. ടീമിന്റെ വിജയം മാത്രമായിരിക്കും നായകന്‍ ലക്ഷ്യമിടുക. അനായാസം പ്ലേ ഓഫില്‍ പ്രവേശിക്കേണ്ടിയിരുന്ന രാജസ്ഥാന്‍, ടീമില്‍ അനാവശ്യമായി നടത്തിയ പരീക്ഷണങ്ങളുടെയും വിജയിക്കാനാകുന്ന മൂന്നോളം മത്സരങ്ങള്‍ കൈവിട്ടുകളഞ്ഞതിന്റെയും പരിണിത ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ തങ്ങളുടെ വിധി തന്നെ മാറ്റി മറിച്ചേക്കാമെന്ന ബോധ്യവും രാജസ്ഥാനെ വിജയത്തിനായി പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

ഈ മത്സരത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ തേടി വളരെ വലിയൊരു നേട്ടം കൂടിയാണ് കാത്തിരിക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ 6000 റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് കാലെടുത്ത് വെക്കാന്‍ സഞ്ജുവിനാവശ്യം വെറും 23 റണ്‍സാണ്.

2011ല്‍ ടി-20 ഫോര്‍മാറ്റ് കളിച്ചു തുടങ്ങിയ സഞ്ജു ഇന്നിതുവരെ 5,977 റണ്‍സാണ് നേടിയത്. കളിച്ച 240 മത്സരത്തിലെ 233 ഇന്നിങ്‌സില്‍ നിന്നും 28.13 എന്ന ശരാശരിയിലും 133.11 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് റണ്‍സ് അടിച്ചുകൂട്ടിയത്. മൂന്ന് സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും നേടിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 119 ആണ്. 483 ബൗണ്ടറികളും 264 സിക്‌സറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും ഇതിനോടകം പിറവിയെടുത്തത്.

പട്ടികയിലെ മറ്റ് പല താരങ്ങളും പത്തും പതിനഞ്ചും ഇരുപതും ടീമിന് വേണ്ടി കളിക്കുമ്പോള്‍, ഇന്ത്യ, കേരളം, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി മാത്രം കളിച്ചാണ് സഞ്ജു ഈ സ്‌കോര്‍ നേടിയെടുത്തത്.

പഞ്ചാബിനെതിരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുകയാണെങ്കില്‍ 6,000 റണ്‍സ് നേടുന്ന 12ാമത് ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിക്കും.

പഞ്ചാബ് കിങ്‌സിനെതിരെ മോശമല്ലാത്ത ട്രാക്ക് റെക്കോഡാണ് ഐ.പി.എല്ലില്‍ സഞ്ജുവിനുള്ളത്. പഞ്ചാബിനെതിരെ കളിച്ച 20 മത്സരത്തില്‍ നിന്നും 700 റണ്‍സാണ് താരം നേടിയത്. 41.18 എന്ന ശരാശരിയലും 144.33 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് പഞ്ചാബിനെതിരെ സഞ്ജുവിനുള്ളത്.

മെയ് 20ന് ധര്‍മശാലയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കെടാതെ സൂക്ഷിക്കാന്‍ വേണ്ടിയാകും സഞ്ജുവും സംഘവും ഒരുങ്ങുന്നത്.

Content highlight: Sanju Samson is set to become the player who scores 6000 runs in the T20 format

We use cookies to give you the best possible experience. Learn more