| Saturday, 14th May 2022, 12:38 pm

ടോസിന്റെ ഭാഗ്യം മാത്രമേ സഞ്ജുവിന് ഇല്ലാത്തതുള്ളൂ, പക്ഷേ ഇതുപോലുള്ള ഭാഗ്യം എന്നും അവന്റെ കൂടെയുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ക്യാപ്റ്റനായാണ് സഞ്ജു സാംസണെ വിലയിരുത്തുന്നത്. ടോസിന്റെ ഭാഗ്യം തുണയ്ക്കാത്ത ക്യാപറ്റനാണ് സഞ്ജുവെന്നാണ് പൊതുവെയുള്ള പറച്ചില്‍. ഇക്കാര്യമൊന്നുകൊണ്ടുതന്നെ ധാരാളം ട്രോളുകളും താരത്തിനെതിരെ ഉയരാറുമുണ്ട്.

ഇപ്പോഴിതാ, ഐ.പി.എല്ലിലെ ഭാഗ്യവാന്‍മാരില്‍ ഒരുവനായിരിക്കുകയാണ് സഞ്ജു. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തോറ്റതോടെയാണ് സഞ്ജുവിനെ ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലോട്ടറി അടിച്ച അവസ്ഥ.

കഴിഞ്ഞ മത്സരത്തില്‍ ജയിച്ചിരുന്നുവെങ്കില്‍ ആര്‍.സി.ബി പോയിന്റ് പട്ടികയില്‍ രാജസ്ഥാനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കെത്തുമായിരുന്നു. ഇതിനെല്ലാം പുറമെ പ്ലേ ഓഫ് ഉറപ്പിക്കാനും അവര്‍ക്കായേനെ. ഇതിനുള്ള അവസരമാണ് ടീം കഴിഞ്ഞ ദിവസം കളഞ്ഞുകുളിച്ചത്.

ബെംഗളൂരുവിന് പ്ലേ ഓഫിലെത്തണമെങ്കില്‍ ശേഷിക്കുന്ന മത്സരത്തില്‍ ജയം അനിവാര്യമാണ്. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. അതില്‍ ജയിക്കാനായിട്ടില്ലെങ്കില്‍ മറ്റ് മത്സരങ്ങളുടെ ഫലം അനുസരിച്ചിരിക്കും പ്ലേ ഓഫ് പ്രവേശം.

രണ്ട് മത്സരങ്ങളാണ് രാജസ്ഥാന് ബാക്കിയുള്ളത്. പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് രാജസ്ഥാന്റെ എതിരാളികള്‍.

പ്ലേ ഓഫ് ഇനിയും ഉറപ്പിച്ചിട്ടില്ലാത്ത ലഖ്‌നൗവിനും ജയം അനിവാര്യമാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും പേടിക്കണം. സഞ്ജുവിനേയും രാജസ്ഥാനെയും സംബന്ധിച്ച് ഇവിടെ ഭാഗ്യം മാത്രം പോരാ മികച്ച പ്രകടനവും പുറത്തെടുക്കണം.

ഈ രണ്ട് മത്സരത്തിലും പരാജയപ്പെട്ടാല്‍ കയ്യാലപ്പുറത്തെ തേങ്ങ കണക്കെ വീണ്ടും ഭാഗ്യത്തെ മാത്രം ആശ്രയിക്കേണ്ടി വരും. ഒരിക്കല്‍ കടാക്ഷിച്ച ഭാഗ്യദേവത വീണ്ടും വരും എന്ന് പ്രതീക്ഷിച്ചിരിക്കാതെ വരാനിരിക്കുന്ന മത്സരങ്ങള്‍ രാജസ്ഥാന് ജയിച്ചേ മതിയാവൂ.

കഴിഞ്ഞ ദിവസത്തെ പഞ്ചാബ് കിംഗ്‌സ് – റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ 54 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയായിരുന്നു ബെംഗളൂരുവിനെ കാത്തിരുന്നത്. പ്ലേ ഓഫ് പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ആര്‍.സി.ബിയുടെ തലക്കേറ്റ അടിയായിരുന്നു കിംഗ്‌സിനോടേറ്റ തോല്‍വി.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആര്‍.സി.ബിയെ ബെയസ്‌ട്രോയും ലിംവിംഗ്‌സ്ണും കണക്കിന് തല്ലി വിടുകയായിരുന്നു. ഇരുവരുടേയും അര്‍ധശതകത്തിന്റെ ബലത്തില്‍ 209 റണ്‍സാണ് പഞ്ചാബ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ചാലഞ്ചേഴ്‌സ് 155 റണ്‍സിന് തങ്ങളുടെ പോരാട്ടവും വിലപ്പെട്ട രണ്ട് പോയിന്റും അടിയറ വെക്കുകയായിരുിന്നു.

Content Highlight: Sanju Samson is lucky in this way

We use cookies to give you the best possible experience. Learn more