| Sunday, 21st August 2022, 8:20 am

ഇന്ത്യക്കായി സിക്‌സറടിച്ച് കളി ജയിപ്പിക്കണം എന്നാഗ്രഹിക്കാത്ത ഏതെങ്കിലും മലയാളി ക്രിക്കറ്റ് ആരാധകരുണ്ടാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്‌വെ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറിയായിരുന്നു ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്. സിക്‌സറടിച്ചുകൊണ്ട് ടീമിനെ മത്സരം വിജയിപ്പിക്കുക എന്ന ക്രിക്കറ്റ് സ്വപ്‌നം കാണുന്ന ഏതൊരാളുടെയും ആഗ്രഹമായിരുന്നു സഞ്ജു സിംബാബ്‌വെക്കെതിരെ സാക്ഷാത്കരിച്ചത്.

162 റണ്‍സായിരുന്നു ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. വിജയിക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചിരുന്നു. നായകന്‍ കെ.എല്‍. രാഹുല്‍ വെറും ഒരു റണ്ണിന് പുറത്താകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോകളായ ധവാനും ഗില്ലും കൂടെ ഇന്ത്യന്‍ ഇന്നിങ്‌സ് കെട്ടിപ്പൊക്കി. 33 റണ്‍സ് വീതമെടുത്താണ് ഇരുവരും പുറത്തായത്.

പിന്നാലെയെത്തിയ ഇഷാന്‍ കിഷന് ഒന്നും ചെയ്യാന്‍ സാധിക്കാതെ ഒറ്റയക്കത്തിന് പുറത്തായി.

എന്നാല്‍ ആറാമനായി കളത്തിലിറങ്ങിയ സഞ്ജു സാംസണ്‍ കത്തിക്കയറിയപ്പോള്‍ ഇന്ത്യന്‍ സ്‌കോറിന് വേഗം കൂടി. 39 പന്തില്‍ നിന്നും 43 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 4 സിക്സറും 3 ഫോറും പറത്തി സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററുമായി. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും സഞ്ജു തന്നെയായിരുന്നു. അന്താരാഷ്ട്ര കരിയറിലെ അദ്ദേഹത്തിന്റെ ആദ്യ മാന്‍ ഓഫ് ദി മാച്ചായിരുന്നു മത്സരത്തിലേത്.

ദീപക് ഹൂഡയോടൊപ്പം പാര്‍ട്‌നര്‍ഷിപ്പ് ബില്‍ഡ് ചെയ്ത് ടച്ചായ സഞ്ജു പിന്നീട് തന്റെ യാഥാര്‍ത്ഥ ശൈലിയില്‍ തകര്‍ത്തടിക്കുകയായിരുന്നു. ഒടുവില്‍ ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരുന്നപ്പോള്‍ സിക്‌സറിച്ചാണ് അദ്ദേഹം മത്സരം ഫിനിഷ് ചെയ്തത്.

ഒരുപക്ഷെ ഏതൊരു മലയാളി ക്രിക്കറ്റ് പ്രേമിയും ജീവിതത്തില്‍ ഒരു തവണയെങ്കിലും സ്വപ്‌നം കണ്ടിരുന്നതായിരിക്കും ഇന്ത്യക്കായി സിക്‌സറിച്ച് മത്സരം ഫിനിഷ് ചെയ്യുക എന്നുള്ളത്. സഞ്ജു മലയാളി ക്രിക്കറ്റിന്റെ പ്രതീകമാണ്. ഓരോരുത്തരും കണ്ട സ്വപ്‌നം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കുന്നു.

ഒരുപക്ഷെ ഈ മത്സരത്തില്‍ തട്ടി മുട്ടി കളിച്ച് വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ അതിന് നില്‍ക്കാതെ വരുന്ന ബോളെല്ലാം ബൗണ്ടറി കടത്താനായി ശ്രമിക്കുന്ന സ്ഥിര ശൈലിയില്‍ ബാറ്റ് വീശുന്ന സഞ്ജുവിനെയായിരുന്നു കണ്ടത്.

കരിയറിന്റെ തുടക്ക കാലത്ത് മലയാളികള്‍ മാത്രമായിരുന്നു സഞ്ജുവിനൊപ്പമുണ്ടായിരുന്നതെങ്കില്‍ ഇന്ന് ഇന്ത്യയില്‍ അങ്ങിങ്ങായി അദ്ദേഹത്തെ പിന്തുണക്കുന്ന ഒരുപാട് പേരുണ്ട്. അതിന് തെളിവാണ് ഏഷ്യാ കപ്പിലെ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ ഉണ്ടായിരുന്ന ട്വിറ്റര്‍ പ്രക്ഷോഭങ്ങള്‍!

Content Highlight: Sanju Samson is living the life of every cricket lovers

We use cookies to give you the best possible experience. Learn more