| Saturday, 19th October 2024, 4:02 pm

സഞ്ജു ക്രീസിലെത്തി; രഞ്ജി ട്രോഫിയില്‍ കുതിക്കാന്‍ കേരളം!

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ കേരളവും കര്‍ണാടകയും തമ്മിലുള്ള മത്സരം ആളൂര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ദിനം കേരളം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ വില്ലനായി മഴ എത്തുകയായിരുന്നു.

നിലവില്‍ ക്യാപ്റ്റനായ സച്ചിന്‍ ബേബി മൂന്ന് ഫോര്‍ അടക്കം 62 പന്തില്‍ 23 റണ്‍സ് നേടിയിട്ടുണ്ട്. മറുഭാഗത്ത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ 13 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 15 റണ്‍സ് നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച താരം കേരളത്തിന് വേണ്ടി റെഡ് ബോളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ വത്സല്‍ ഗോവിന്ദ് 79 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 31 റണ്‍സ് നേടിയാണ് പുറത്തായത്. രോഹന്‍ കുന്നുമ്മല്‍ നടത്തിയ മികച്ച പ്രകടനത്തിലാണ് കേരളം തുടക്കത്തിലെ സ്‌കോര്‍ ഉയര്‍ത്തിയത്. 88 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 63 റണ്‍സ് നേടി അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് താരം പുറത്തായത്.

വണ്‍ ടൗണ്‍ ബാറ്റര്‍ ബാബ അപരാജിത് ടീമിനുവേണ്ടി 19 റണ്‍സ് നേടി കൂടാരം കയറി. നിലവില്‍ കര്‍ണാടകയ്ക്ക് വേണ്ടി കൗഷിക്, വൈശാഖ് വിജയ് കുമാര്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം എലീറ്റ് ഗ്രൂപ്പ് സി-യില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് കേരളം സീസണ്‍ തുടങ്ങിയത്. സ്വന്തം തട്ടകമായ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍കത്താണ് കേരളം വിജയം സ്വന്തമാക്കിയത്. സഞ്ജുവില്ലാതെ ആദ്യ മത്സരം വിജയിച്ച കേരളം സഞ്ജുവിന്റെ വരവോടെ ഡബിള്‍ സ്‌ട്രോങ്ങാണ്. ഇതോടെ വലിയ പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധര്‍.

Content Highlight: Sanju Samson is expected to perform well against Karnataka

We use cookies to give you the best possible experience. Learn more