ബംഗ്ലാദേശിനെ ചാരമാക്കി സഞ്ജു അടിച്ച് കയറിയത് ഇടിവെട്ട് റെക്കോഡില്‍!
Sports News
ബംഗ്ലാദേശിനെ ചാരമാക്കി സഞ്ജു അടിച്ച് കയറിയത് ഇടിവെട്ട് റെക്കോഡില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th October 2024, 10:22 pm

ബംഗ്ലാദേശിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യ. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 20 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍മാര്‍ അടിച്ചെടുത്തത്. ഓപ്പണര്‍ സഞ്ജു സാംസണിന്റെ ഐതിഹാസികമായ സെഞ്ച്വറി നേട്ടമാണ് ഇന്ത്യയെ ഭീമന്‍ സ്‌കോറില്‍ എത്തിച്ചത്.

മത്സരത്തില്‍ രണ്ടാം ഓവറിനായി എത്തിയ ബംഗ്ലാദേശ് ബൗളര്‍ തസ്‌കിന്‍ അഹമ്മദിന്റെ അവസാന നാല് പന്തില്‍ തലങ്ങും വിലങ്ങും തുടര്‍ച്ചയായി ഫോര്‍ അടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറില്‍ അഞ്ച് സിക്‌സര്‍ തുടര്‍ച്ചയായി അടിച്ച് അമ്പരപ്പിക്കുകയായിരുന്നു സഞ്ജു. 47 പന്തില്‍ നിന്ന് 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്.

40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. ശേഷം മുഫ്തഫിസൂറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം. എന്നിരുന്നാലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് സഞ്ജുവിന് സാധിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ടി-20 ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം, പന്ത്, എതിരാളി, വര്‍ഷം

രോഹിത് ശര്‍മ – 35 പന്ത് – ശ്രീലങ്ക – 2017

സഞ്ജു സാംസണ്‍ – 40 പന്ത് – ബംഗ്ലാദേശ് – 2024

സൂര്യകുമാര്‍ യാദവ് – 45 പന്ത് – ശ്രീലങ്ക – 2023

കെ.എല്‍. രാഹുല്‍ – 46 പന്ത് – വെസ്റ്റ് ഇന്ഡീസ് – 2016

അഭിഷേക് ശര്‍മ – 46 പന്ത് – സിംബാബ്‌വേ – 2024

മത്സരത്തിലെ മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ നാല് റണ്‍സിന് തന്‍സിം ഹസന്റെ ഇരയായപ്പോള്‍ ശേഷം ഇറങ്ങിയ സൂര്യയും ഇടിവെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ 35 പന്തില്‍ 5 സിക്‌സും 8 ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടിയാണ് സൂര്യ മടങ്ങിയത്.

ശേഷം എത്തിയ റിയാന്‍ പരാഗ് 13 പന്തില്‍ നാല് സിക്‌സും ഒരു ഫോറും അടക്കം 34 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 18 പന്തില്‍ നാല് സിക്‌സും നാല് ഫോറും അടക്കം 47 റണ്‍സും നേടി താണ്ഡവമാടിയാണ് മടങ്ങിയത്. ബിഗ് ബിറ്റിന് ശ്രമിച്ച നിതീഷ് കുമാര്‍ ക്യാച്ചില്‍ കുരുങ്ങി പുറത്തായപ്പോള്‍ റിങ്കു സിങ് ലാസ്റ്റ് ബോളില്‍ സിക്‌സര്‍ അടിച്ച് ഫിനിഷ് ചെയ്തത് എട്ട് റണ്‍സ് നേടിക്കൊണ്ടായിരുന്നു.

ബംഗ്ലാദേശിന് വേണ്ടി തന്‍സിം ഹസന്‍ സാക്കിബ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ തസ്‌കിന്‍ അഹമ്മദ്, മുഷ്ഫിഖര്‍ റഹ്‌മാന്‍, മുഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 12 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് നേടിയത്. ഓപ്പണര്‍ പാര്‍വെസ് ഹൊസൈന്‍ ഇമോണ്‍ പൂജ്യം റണ്‍സിന് മടങ്ങിയപ്പോള്‍ തന്‍സിദ് ഹസന്‍ 15 റണ്‍സിനും ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 14 റണ്‍സിനും കൂടാരം കയറി. മികവ് പുലര്‍ത്തിയ ലിട്ടണ്‍ ദാസ് 42 റണ്‍സിന് പുറത്തായപ്പോള്‍ ടീം വലിയ സമ്മര്‍ദത്തിലാണ് തുടരുന്നത്. നിലവില്‍ ക്രീസിലുള്ളത് 35 റണ്‍സ് നേടിയ തൗഹിദ് ഹൃദ്യോയിയും മൂന്ന് റണ്‍സ് നേടിയ മുഹമ്മദുള്ളയുമാണ്.

 

Content Highlight: Sanju Samson Is Created History In Indian T-20 Cricket