ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വളരെ കുറച്ച് മലയാളി താരങ്ങള്‍ മാത്രമാണുള്ളത്, അവരില്‍ ഇന്ത്യന്‍ ടീമിലെത്തിയതാകട്ടെ മൂന്ന് പേര്‍ മാത്രവും. ടിനു യോഹന്നാനും ശ്രീശാന്തിനും പിന്‍ഗാമിയായി ഇപ്പോള്‍ സഞ്ജു സാംസണും ഇന്ത്യന്‍ ജേഴ്‌സിയില്‍ എത്തിയിട്ടുണ്ട്.
എന്നാല്‍, കുറച്ച് കാലങ്ങളിലായി സഞ്ജു ഇന്ത്യന്‍ സെലക്ടര്‍മാരുടെ കണ്ണില്‍ പെടുന്നില്ല എന്ന് വേണം കരുതാന്‍. കഴിഞ്ഞ ടി-20 ലോകകപ്പ് ടീമിലും പിന്നാലെ വന്ന ന്യൂസിലാന്റുമായുള്ള പരമ്പരയിലും സഞ്ജുവിന് ഇടം നേടാനായിരുന്നില്ല.
സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതും അതിന് പിന്നാലെ സഞ്ജുവിന്റെ ട്വിറ്ററിലെ ഒളിയമ്പും ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.
കിട്ടിയ അവസരങ്ങള്‍ ശരിയായ രീതിയില്‍ മുതലെടുക്കാന്‍ സാധിക്കാതെ പോയതും, ക്രീസില്‍ നിന്ന് കളിക്കുക എന്നതിലുപരി എല്ലാ പന്തും ബൗണ്ടറി കടത്തണം എന്ന മനോഭാവവുമാണ് താരത്തിന് പലപ്പോഴും വിനയാവുന്നത്.
ഇപ്പോഴിതാ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന പ്രകടനമാണ് സഞ്ജുവിന് കീഴില്‍ കേരളം പുറത്തെടുക്കുന്നത്.
കേരളം ഒരിക്കല്‍ കൂടി വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്. 22ന് നടക്കുന്ന ക്വാര്‍ട്ടറില്‍ സര്‍വീസസിനെ തോല്‍പിച്ചാല്‍ കേരളത്തിന് സെമിയില്‍ പ്രവേശിക്കാം. കേരളത്തെ സെമിയിലെത്തിച്ച ക്യാപ്റ്റനായി സഞ്ജുവിന് മാറുകയും ചെയ്യാം.
വിജയ് ഹസാരെയില്‍ മാത്രമല്ല, ഐ.പി.എല്ലിലും സഞ്ജുവിന്റെ താരമൂല്യം വളരെ വലുതാണ്. രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ ആദ്യ പ്ലെയര്‍ സഞ്ജുവായിരുന്നു.
സഞ്ജുവിനെ നിലനിര്‍ത്തുന്നതിനെ കുറിച്ച് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്ന് ടീം മാനേജ്‌മെന്റും കോച്ച് കുമാര്‍ സംഗാക്കാരയും ഒരുപോലെ പറയുമ്പോള്‍ സഞ്ജുവിനെ അവര്‍ എത്രമാത്രം വിശ്വസിക്കുന്നു എന്ന കാര്യം വ്യക്തമാണ്.
കിരീടത്തില്‍ കുറഞ്ഞതൊന്നും സഞ്ജുവും ആഗ്രഹിക്കുന്നുണ്ടാവില്ല. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ വോണിന് കീഴില്‍ നേടിയ കിരീടം ഒരിക്കല്‍ക്കൂടി രാജസ്ഥാനെ ചൂടിക്കണം എന്ന നിശ്ചയദാര്‍ഢ്യം മാത്രമാണയാള്‍ക്ക്.
സഞ്ജുവിനൊപ്പം ഒരു പറ്റം കേരള പ്ലെയേഴ്‌സ് കൂടി ടീമിലെത്തുമെന്നും അവര്‍ കേരളത്തിന്റെ അഭിമാനമാനം വാനോളമുയര്‍ത്തുമെന്നും പ്രത്യാശിക്കാം.