ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ കാത്തിരിക്കുന്നത് ടി-20യിലെ അത്യപൂര്‍വനേട്ടം. ടി-20 ഫോര്‍മാറ്റില്‍ 6,000 റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോഡിലേക്കാണ് സഞ്ജു ലക്ഷ്യം വെക്കുന്നത്.
നിലവില്‍ 5,979 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇനി വെറും 21 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്താല്‍ സഞ്ജുവിന് 6,000 റണ്‍സ് എന്ന കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിടാനും സഞ്ജുവിന് സാധിക്കും.
6,000 റണ്‍സ് പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന 61ാമത് താരമാകാനും 13ാമത് ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിക്കും.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, എം.എസ്. ധോണി, ദിനേഷ് കാര്‍ത്തിക്, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, സൂര്യകുമാര്‍ യാദവ്, ഗൗതം ഗംഭീര്‍, അംബാട്ടി റായിഡു എന്നിവര്‍ക്ക് ശേഷം ടി-20യില്‍ 6,000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡിലേക്കാണ് സഞ്ജു കാലെടുത്ത് വെയ്ക്കാനൊരുങ്ങുന്നത്.
പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളവര്‍ ഇരുപത്തഞ്ചിലധികം ടീമുകള്‍ക്കായി കളിച്ചാണ് റണ്ണടിച്ചുകൂട്ടിയതെങ്കില്‍ സഞ്ജു സാംസണ്‍ വെറും നാല് ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയാണ് 5,979 റണ്‍സ് സ്വന്തമാക്കിയത്. ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, ഇന്ത്യ, കേരള, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കൊപ്പമാണ് സഞ്ജു റണ്‍സ് നേടിയത്.
2011ലാണ് സഞ്ജു ടി-20 ഫോര്‍മാറ്റില്‍ അരങ്ങേറിയത്. ഇതുവരെ കളിച്ച 241 മത്സരത്തിലെ 234 ഇന്നിങ്‌സില്‍ നിന്നുമാണ് സഞ്ജു റണ്‍സ് നേടിയിരിക്കുന്നത്.
28.60 എന്ന ശരാശരിയിലും 133.07 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്. മൂന്ന് സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 119 ആണ്. 483 ബൗണ്ടറിയും 264 സിക്‌സറുമാണ് 12 വര്‍ഷത്തെ ടി-20 കരിയറില്‍ സഞ്ജു സ്വന്തമാക്കിയത്.
ആഗസ്റ്റ് മൂന്നിനാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കരിബീയന്‍ മണ്ണില്‍ കളിക്കുക.