| Thursday, 24th October 2019, 7:13 pm

അങ്ങനെ സഞ്ജു കളിക്കാനിറങ്ങും;ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയില്‍ സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

മൂംബൈ:ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാനിറങ്ങും. സമീപകാലത്തെ മത്സരങ്ങളിലെ മികച്ച പ്രകടനം സഞ്ജുവിന് തുണയാവുകയായിരുന്നു. ടീമില്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.

2015ല്‍ സഞ്ജു ഇന്ത്യന്‍ ടീമിന് വേണ്ടി ട്വന്റി-20 കളിച്ചിട്ടുണ്ട്. ഹരാരെയില്‍ സിംബാബാവെയ്‌ക്കെതിരെ ഒരു മത്സരത്തിലാണ് സഞ്ജു കളിച്ചത്. ഈ മാസം നടന്ന വിജയ്ഹസാരെ ട്രോഫിയില്‍ സഞ്ജു ഇരട്ടസെഞ്ചുറിയടിച്ചപ്പോള്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിന് അവസരം നല്‍കണമെന്ന ആവശ്യവുമായി വന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏകദിന ലോകകപ്പിന് ശേഷം തുടര്‍ച്ചയായി കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് ട്വന്റി-20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. പുറത്തേറ്റ പരുക്കിനെ തുടര്‍ന്നു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം മുംബൈ താരം ശിവം ദുബെയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവംബര്‍ മൂന്നിന് ആരംഭിക്കുന്ന ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നു ട്വന്റി-20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്.

പരമ്പരയില്‍ കളിക്കാന്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷവാനാണെന്ന് സഞ്ജു പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്‌നമാണെന്നും ഇനിയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സഞ്ജു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, വാഷിങ്ടന്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദുബെ, ഷാര്‍ദുല്‍ ഠാക്കൂര്‍

We use cookies to give you the best possible experience. Learn more