| Tuesday, 30th July 2024, 10:36 pm

ഇങ്ങനെയൊരു നാണക്കേടില്‍ സഞ്ജു പന്തിനേക്കാള്‍ മുന്നില്‍; ശ്രീലങ്കയില്‍ തലകുനിച്ച് സഞ്ജു!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് ഇന്ത്യ നേടിയത്. മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാണ് ലങ്ക നല്‍കിയത്. രണ്ടാമത്തെ ഓവറില്‍ ടീം 11 റണ്‍സ് നേടിയപ്പോഴാണ് ജെയ്‌സ്വാളിനെ ഇന്ത്യക്ക് നഷ്ടമായത്. 9 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 10 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ശേഷം കളത്തില്‍ ഇറങ്ങിയത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ആയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിച്ചിട്ടും 0 റണ്‍സിന് സഞ്ജു പുറത്തായിരുന്നു. ഈ മത്സരത്തില്‍ മൂന്നാമനായി അവസരം കിട്ടിയിട്ടും സഞ്ജു നാല് പന്ത് കളിച്ച് പൂജ്യം റണ്‍സിന് വീണ്ടും പുറത്താക്കുകയായിരുന്നു. അവസരങ്ങള്‍ മുതലാക്കാതെ കോണ്‍സ്റ്റന്റ് ആയി കളിക്കുന്നില്ല എന്ന ദുഷ്‌പേര് മാറ്റാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. മൂന്നാം ഓവറിലെ അവസാന പന്തില്‍ അരങ്ങേറ്റക്കാരന്‍ ചമിന്തു വിക്രമസിംഹേയുടെ പന്തില്‍ ഹസരങ്കയുടെ കയ്യില്‍ ക്യാച്ച് കൊടുത്താണ് സഞ്ജു വീണ്ടും നാണം കെടുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും താരം തന്റെ പേരിലാക്കിയിരിക്കുകയാണ്. ടി-20യില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ചെറിയ ആവറേജാണ് സഞ്ജുവിന് വഴങ്ങേണ്ടി വന്നത് (മിനിമം 25 ഇന്നിങ്‌സ്).

ടി-20യില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ചെറിയ ആവറേജ്, താരം

19.3 – സഞ്ജു സാംസണ്‍

20.5 – അക്‌സര്‍ പട്ടേല്‍

23.3 – റിഷബ് പന്ത്

25.7 – ഇഷാന്‍ കിഷന്‍

26.7 – ഹര്‍ദിക് പാണ്ഡ്യ

ശേഷം ഇറങ്ങിയ റിങ്കു സിങ്ങിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മഹേഷ് തീക്ഷണയുടെ പന്തില്‍ മതീഷ പതിരാനക്ക് ക്യാച്ച് കൊടുത്ത് ഒരു റണ്ണുമായാണ് താരം മടങ്ങിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 8 റണ്‍സ് നേടി നില്‍ക്കവെ അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ഹസരങ്കയുടെ കയ്യില്‍ അകപ്പെടുകയും ചെയ്തു.

37 പന്തില്‍ 39 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും 18 പന്തില്‍ 26 റണ്‍സ് നേടിയ റിയാന്‍ പരാഗും 25 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ലങ്കയ്ക്ക് വേണ്ടി മഹീഷ തീക്ഷണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചമിന്തു, രമേഷ് മെന്‍ഡിസ്, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നിലവില്‍ ബാറ്റ് ചെയ്യുന്ന ലങ്കയ്ക്ക് 26 റണ്‍സ് നേടിയ പത്തും നിസങ്കയെ നഷ്ടപ്പെട്ടിരിക്കുകയാണ്. കുശാല്‍ മെന്‍ഡിസ് 26 പന്തില്‍ 29 റണ്‍സ് നേടി ക്രീസില്‍ തുടരുന്നുണ്ട്. ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് ലങ്ക നേടിയത്.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍: ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്

ശ്രീലങ്കന്‍ പ്ലെയിങ് ഇലവന്‍: പത്തും നിസങ്ക, കുശാല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), കുശാല്‍ പരേര, കമിന്തു മെന്‍ഡിസ് , ചരിത് അസലങ്ക (ക്യാപ്റ്റന്‍), ചമിന്തു വിക്രമസിംഹേ, വനിന്ദു ഹസരങ്ക, രമേശ് മെന്‍ഡിസ്, മനീഷ് തീക്ഷണ, മതീഷ പതിരാന, അസിത ഫെര്‍ണാണ്ടൊ

Content highlight: Sanju Samson In Unwanted Record Achievement

We use cookies to give you the best possible experience. Learn more