ജനുവരി 11 മുതല്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ എതിരെയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ട്. രോഹിത് ശര്‍മ യാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോഹ്‌ലിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. രോഹിത്തിന്റെയും വിരാടിന്റേയും സ്ഥാനത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതോടെ സൂര്യകുമാര്‍ യാധവ്, റിതുരാജ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരെ ടീമില്‍ നിന്ന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ടീം: രോഹിത് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), സഞ്ജു (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ഡണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
ഏറെ കാലത്തിന് ശേഷം ടി-ട്വന്റി ടീമില്‍ തിരിച്ചെത്തുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സഞ്ജുവിന്റെ നിര്‍ണായകമായ പ്രകടനത്തിലാണ് ഇന്ത്യക്ക് പ്രോട്ടിയാസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ സാധിച്ചത്.
പ്രോട്ടിയാസിനെതിരെ അവസാന മത്സരത്തില്‍ 114 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്സറുകളുമടക്കമാണ് സഞ്ജു 108 റണ്‍സ് നേടി ടീമിന്റെ പവര്‍ ഹൗസ് ആയത്. തന്റെ അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി ആണ് സഞ്ജു നിര്‍ണായക മത്സരത്തില്‍ സ്വന്തമാക്കിയത്.പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെറും 12 റണ്‍സിനാണ് സഞ്ജു പുറത്തായത്.
Content Highlight: Sanju Samson in the T20 squad against Afghanistan