ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20ഐ സ്‌ക്വാഡില്‍ ഇടം നേടി സഞ്ജു സാംസണ്‍. 15 അംഗങ്ങള്‍ അടങ്ങുന്ന സ്‌ക്വാഡിലെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജു. നംവംബര്‍ എട്ടിന് തുടങ്ങുന്ന പരമ്പരയില്‍ നാല് ടി-20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ഉള്ളത്. കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ സ്‌ക്വാഡ് പുറത്ത് വിട്ടത്.
യുവ ബൗളര്‍ മയങ്ക് യാദവും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശിവം ദുബെയും പരിക്ക് മൂലം സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ല. ഇരുവര്‍ക്കും പുറമെ ഇന്ത്യയുടെ മികച്ച ബാറ്റര്‍ റിയാന്‍ പരാഗിനേയും സെലക്ഷന് ലഭ്യമായിട്ടില്ലെന്ന് ബി.സി.സി.ഐ പറഞ്ഞു. താരത്തിന് വലത് തോളിലെ പരിക്കിന് ദീര്‍ഘ കാല ചികിത്സ ആവശ്യമായതിനെത്തുടര്‍ന്ന് ബോര്‍ഡിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് പരാഗ് നിലവില്‍.
ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ പര്യടനത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണ്‍ തന്നെയാണ് പ്രോട്ടിയാസിനെതിരെയുള്ള ഇന്ത്യയുടെ തുറുപ്പ് ചീട്ട്. കടുവകള്‍ക്കെതിരെയുള്ള പരമ്പരയിലെ അവസാന ടി-20യില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. 47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്.
ഇന്ത്യന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക്ക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍
ഒന്നാം ടി-20 ഐ – നവംബര്‍ 8 – ഡര്‍ബന്‍ (വേദി)
രണ്ടാം ടി-20 ഐ – നവംബര്‍ 10 – ഗ്‌കെബെര്‍ഹ
മൂന്നാം ടി-20 ഐ – നവംബര്‍ 13 – സെഞ്ചൂറിയന്‍
നാലാം ടി-20 ഐ – നവംബര്‍ 15 – ജോഹന്നാസ്ബര്‍ഗ്
Content Highlight: Sanju Samson In T-20I Series Against South Africa