| Sunday, 13th October 2024, 8:22 pm

ഡി കോക്കും ജോഷുമൊക്കെ ഇനി ഇവന്റെ പിന്നില്‍; സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറിയില്‍ പിറന്നത് മറ്റൊരു റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരത്തില്‍ ഇന്ത്യ 134 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ബംഗ്ലാദേശിനെതിരെ 3-0ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മലയാളി താരം സഞ്ജു സാംസണായിരുന്നു. താരത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടമാണ് ഇന്ത്യയെ ഭീമന്‍ സ്‌കോറില്‍ എത്തിച്ചത്. ഇതോടെ മത്സരത്തില്‍ പ്ലയര്‍ ഓഫ് ദിമാച്ച് പുരസ്‌കാരവും സഞ്ജുവിന് നേടാന്‍ സാധിച്ചിരുന്നു.

ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടം കൂടി സ്വന്തമാക്കാന്‍ മലയാളി സൂപ്പര്‍താരത്തിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഒരു ഫുള്‍മെമ്പര്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടാനാണ് സഞ്ജുവിന് സാധിച്ചത്. ഈ നേട്ടത്തില്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക്, ജോഷ് ഇംഗ്ലിസ് എന്നിവരെ മറികടക്കാനാണ് സഞ്ജുവിന് സാധിച്ചത്.

ടി-20യില്‍ ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറി (ഫുള്‍ മെമ്പര്‍). താരം, പന്ത്, എതിരാളി, വര്‍ഷം

സഞ്ജു സാംസണ്‍ – 40 പന്ത് – ബംഗ്ലാദേശ് – 2024

ജോഷ് ഇംഗ്ലിസ് – 43 പന്ത് – സ്‌കോട്‌ലാന്‍ഡ് – 2024

ക്വിന്റണ്‍ ഡി കോക്ക് – 43 പന്ത് – വെസ്റ്റ് ഇന്ഡീസ് – 2023

ഫില്‍ സാള്‍ട്ട് – 48 പന്ത് – വെസ്റ്റ് ഇന്‍ഡീസ് – 2023

സഞ്ജുവിന്റെ പ്രകടനം

ഇന്ത്യയുടെ ബാറ്റിങ്ങില്‍ രണ്ടാം ഓവറിനായി എത്തിയ ബംഗ്ലാദേശ് ബൗളര്‍ തസ്‌കിന്‍ അഹമ്മദിന്റെ അവസാന നാല് പന്തില്‍ തലങ്ങും വിലങ്ങും തുടര്‍ച്ചയായി ഫോര്‍ അടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറിലെ ആദ്യ പന്ത് മിസ്സായപ്പോള്‍ ബാക്കിയുള്ള പന്തില്‍ അഞ്ച് സിക്‌സര്‍ തുടര്‍ച്ചയായി അടിച്ച് അമ്പരപ്പിക്കുകയായിരുന്നു സഞ്ജു. 47 പന്തില്‍ നിന്ന് 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. 40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. ശേഷം മുഫ്തഫിസൂറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം.

മിന്നും പ്രകടനത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം, ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം എന്നിങ്ങനെ റെക്കോഡ് വാരിക്കൂട്ടാനും സഞ്ജുവിന് സാധിച്ചു.

Content highlight: Sanju Samson In Record Achievement In T-20I

We use cookies to give you the best possible experience. Learn more