| Saturday, 16th November 2024, 8:12 am

സഞ്ജു ഇനി ടി-20യിലെ രാജാവ്; ഇതിഹാസങ്ങള്‍ക്ക് പോലും നേടാന്‍ സാധിക്കാത്ത അപൂര്‍വ റെക്കോഡും തൂക്കി!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ജോഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോറാണ് ഇന്ത്യ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് 18.2 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനും തിലക് വര്‍മയുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ബാക്ക് ടു ബാക്ക് സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും 0 റണ്‍സിന് പുറത്തായ സഞ്ജുവിന്റെ വമ്പന്‍ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.

56 പന്തില്‍ നിന്നും ഒമ്പത് സിക്‌സും 6 ഫോറും ഉള്‍പ്പെടെ 109 റണ്‍സ് നേടി പുറത്താക്കാതെയാണ് സഞ്ജു വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 194.64 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു സഞ്ജു ബാറ്റ് വീശിയത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡാണ് ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ സഞ്ജു സ്വന്തമാക്കിയാത്. ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് സഞ്ജുവിന് സാധിച്ചത്.

ടി-20ഐയില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, രാജ്യം, എണ്ണം, വര്‍ഷം

സഞ്ജു സാംസണ്‍ – ഇന്ത്യ – 3 – 2024*

കോളിന്‍ മന്റോ – ന്യൂസിലാന്‍ഡ് – 2 – 2017

രോഹിത് ശര്‍മ – ഇന്ത്യ – 2 – 2018

റീലി റൂസോ – സൗത്ത് ആഫ്രിക്ക – 2 – 2022

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 2 – 2022

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 2 – 2023

തിലക് വര്‍മ – ഇന്ത്യ – 2 – 2024

അതേസമയം ബാക്ക് ടു ബാക്ക് സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മയും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. കഴിഞ്ഞ മത്സരത്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്ന് താരം അവസാനം മത്സരത്തിലും സെഞ്ച്വറി നേടി. 47 പന്തില്‍ നിന്നും 10 സിക്‌സും 9 ഫോറും ഉള്‍പ്പെടെയായിരുന്നു വര്‍മയുടെ വെടിക്കെട്ട്. 255.32 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു വര്‍മ ബാറ്റ് വീശിയത്.

ഇന്ത്യക്കുവേണ്ടി ഓപ്പണര്‍ അഭിഷേക് ശര്‍മ 18 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. നാലു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ലൂത്തോ സിപമ്‌ലക്കാണ് വിക്കറ്റ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ട്രിസ്റ്റന്‍ സ്റ്റബ്‌സ് ആയിരുന്നു. 43 റണ്‍സാണ് താരം നേടിയത്. ഡേവിഡ് മില്ലര്‍ 36 റണ്‍സും മാര്‍ക്കോ യാന്‍സന്‍ പുറത്താകാതെ 29 റണ്‍സും നേടി.

സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ തിരിച്ചടി നല്‍കി കൊണ്ടായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ അര്‍ഷിദീപ് സിങ് റീസ എന്‍ട്രിക്‌സിനേ ക്ലീന്‍ ബൗള്‍ഡ് ചെയ്തു കൊണ്ടാണ് വേട്ട തുടങ്ങിയത്. തുടര്‍ന്ന് രണ്ടാം ഓവറിലെ അവസാന പന്തില്‍ റിയാല്‍ റിക്കില്ട്ടനെ ഒരു റണ്‍സിന് കീപ്പര്‍ ക്യാച്ചില്‍ കുടുക്കി ഹര്‍ദിക് പാണ്ഡ്യയും അക്കൗണ്ട് തുറന്നു.

സ്‌പെല്ലിനായി എത്തിയ അര്‍ഷിദീപ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തെ 6 റണ്‍സിന് പറഞ്ഞയച്ചു വീണ്ടും വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയി ആണ് താരത്തിന്റെ ക്യാച്ച് നേടിയത്. തുടര്‍ന്ന് ഡെയിഞ്ചറസ് ബാറ്റര്‍ ഹെന്റിച്ച് ക്ലാസിന് എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി അര്‍ഷ്ദീപ് മൂന്നാം വിക്കറ്റും വീഴ്ത്തി.

പിന്നീട് കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കായിരുന്നു. വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ രവി ബിഷ്‌ണോയും രമണ്‍ദീപ് സിങ്ങും ഓരോ വിക്കറ്റും നേടി.

Content Highlight: Sanju Samson In Record Achievement In T-20i

We use cookies to give you the best possible experience. Learn more