2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്. മാര്‍ച്ച് 24നാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. ലക്നൗ സൂപ്പര്‍ ജെയിന്റ് ആണ് എതിരാളികള്‍.
2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി തെരഞ്ഞെടുത്തെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ശേഷം 2013 ലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജു സാംസണ്‍ എത്തുന്നത്. നീണ്ട 14 വര്‍ഷത്തെ അനുഭവസമ്പത്താണ് രാജസ്ഥാനില്‍ സഞ്ജുവിന് ഉള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി തകര്‍ത്താടി ആരാധകരുടെ മനം കവര്‍ന്നവനാണ് സഞ്ജു സാംസണ്‍. ഇതോടെ ഐ.പി.എല്ലില്‍ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തിന് സ്വന്തമാക്കുവാന്‍ സാധിച്ചിരിക്കുകയാണ്.
2015 മുതല്‍ ഐ.പി.എല്ലില്‍ മൂന്നാം സ്ഥാനത്തിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. വെറും 67 ഇന്നിങസില്‍ നിന്നും 2213 റണ്‍സാണ് താരം നേടിയത്. 38.46 ആവറേജും 145.1 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
ഐ.പി.എല്ലില്‍ ഇതുവരെ സഞ്ജു 304 ഫോറും 182 സിക്സറും അടിച്ചെടുത്തിട്ടുണ്ട്. പുതിയ സീസണിലേക്ക് സഞ്ജുവിന്റെയും ടീമിന്റെയും മത്സരം കാണാന്‍ ഏറെ ആവേശത്തിലാണ് കേരളക്കരയും മൊത്തം ആരാധകരും.
Content Highlight: Sanju samson In Record Achievement In I.P.L