സഞ്ജുവിന്റെ താണ്ഡവത്തില്‍ റെക്കോഡ് മഴ; പ്രോട്ടിയാസിന് ജയിക്കാന്‍ ഇത്തിരി വിയര്‍ക്കേണ്ടി വരും!
Sports News
സഞ്ജുവിന്റെ താണ്ഡവത്തില്‍ റെക്കോഡ് മഴ; പ്രോട്ടിയാസിന് ജയിക്കാന്‍ ഇത്തിരി വിയര്‍ക്കേണ്ടി വരും!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th November 2024, 10:47 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. പ്രോട്ടിയാസിന് വിജലക്ഷ്യമായി വലിയ സ്‌കോര്‍ തന്നെയാണ് ഇന്ത്യ മുന്നില്‍ വെച്ചത്.

സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സും റെക്കോഡും

മലയാളികളുടെ സ്വന്തം സഞ്ജു സാംസന്റെ തീപ്പൊരി ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ വലിയ സ്‌കോറില്‍ എത്തിച്ചത്. പ്രോട്ടിയാസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് ടി-20ഐ കരിയറില്‍ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയാണ് സഞ്ജു താണ്ഡവം അവസാനിപ്പിച്ചത്.

50 പന്തില്‍ 10 സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടി സഞ്ജു പുറത്തായത്. 47ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വെടിക്കെട്ട് ഇന്നിങ്‌സില്‍ മറ്റൊരു റെക്കോഡും സഞ്ജു സ്വന്തമാക്കിയിരിക്കുകയാണ്. ടി-20സില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനും ടി-20ഐയില്‍ 700 റണ്‍സ് പൂര്‍ത്തിയാക്കാനുമാണ് താരത്തിന് സാധിച്ചത്.

ഇതിനെല്ലാം പുറമെ ഇന്റര്‍നാഷണല്‍ ടി-20യില്‍ ബാക് ടു ബാക്ക് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനാകാനും സഞ്ജുവിന് സാധിച്ചിരുന്നു. മാത്രമല്ല സൗത്ത് ആഫ്രിക്കയോട് ടി-20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ടി-20ഐയില്‍ വമ്പന്‍ റെക്കോഡുകളാണ് ഒറ്റ ഇന്നിങസുകൊണ്ട് സഞ്ജു മാറ്റി മറിച്ചത്.

മത്സരത്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ മൂന്നാം ഓവര്‍ എറിയാനെത്തിയ ജെറാള്‍ഡ് കോഡ്‌സിയുടെ പന്തിലാണ് പുറത്തായത്. ഒരു ഫോര്‍ അടക്കം ഏഴ് റണ്‍സിനാണ് താരം കൂടാരം കയറിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 17 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 21 റണ്‍സിനും കൂടാരം കയറി. തിലക് വര്‍മ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 33 റണ്‍സിനാണ് മടങ്ങിയത്. ഹര്‍ദിക് പാണ്ഡ്യ രണ്ട് റണ്‍സിനും മടങ്ങിയതോടെ മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

പ്രോട്ടിയാസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ജെറാള്‍ഡ് കോഡ്‌സിയാണ്. മൂന്ന് വിക്കറ്റാണ് താരം നേടിയത്. മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, നഖ്ബ പീറ്റര്‍, പാട്രിക് ക്രൂഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്ണോയി, ആവേശ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

റയാന്‍ റിക്കല്‍ട്ടണ്‍, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഹെന്റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, പാട്രിക് ക്രൂഗര്‍, മാര്‍കോ യാന്‍സെന്‍, ആന്‍ഡില്‍ സിമെലെന്‍, ജെറാള്‍ഡ് കോട്സി, കേശവ് മഹാരാജ്, ഡോണാവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്സ്, എംബയോംസി പീറ്റര്‍,

 

Content Highlight: Sanju Samson In Great Record Achievement In t-20 Cricket