സഞ്ജു ലോകകപ്പില്‍ അമ്പരപ്പിക്കുമെന്നത് ഉറപ്പാണ്; ഐ.പി.എല്ലില്‍ നേടിയ റെക്കോഡില്‍ അവന്‍ വിരാടിനൊപ്പം
Sports News
സഞ്ജു ലോകകപ്പില്‍ അമ്പരപ്പിക്കുമെന്നത് ഉറപ്പാണ്; ഐ.പി.എല്ലില്‍ നേടിയ റെക്കോഡില്‍ അവന്‍ വിരാടിനൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th May 2024, 11:34 am

ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്.

ഇതോടെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും വിശ്വസിക്കുന്നത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സണ്‍ജു. ഐ.പി.എല്ലിലെ രണ്ടാം എലിമിനേറ്ററില്‍ പാറ്റ് കമ്മിന്‍സ് നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട് ഫൈനല്‍ നഷ്ടമാകുകയായിരുന്നു രാജസ്ഥാന്.

എന്നാല്‍ ലോകകപ്പില്‍ സഞ്ജു വമ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നത് ഉറപ്പാക്കുന്ന ഐ.പി.എല്‍ 2024ലെ റെക്കോഡാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. ഈ റെക്കോഡില്‍ സഞ്ജു ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കൊപ്പമാണ്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ലിസ്റ്റില്‍ ആദ്യമുള്ള രജത് പാടിദറിനും അഞ്ച് ഫിഫ്റ്റി തന്നെയാണ്.

സഞ്ജുവിന്റെ ഈ നേട്ടം ലോകകപ്പിലും പ്രതിഫലിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടുന്ന താരമെന്ന ബഹുമതിയും സഞ്ജു നേടിയിട്ടുണ്ട്. 2024 ഐ.പി.എല്ലില്‍ 531 റണ്‍സാണ് താരം നേടിയത്. 86 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 48.27 എന്ന ആവറേജും 153.47 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താര്ത്തിനുണ്ട്.

നിലവില്‍ ടി-20 ലോകകപ്പിന്റെ മുന്നൊരുക്കത്തിനായി ഇന്ത്യന്‍ ടീമിലെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് എത്തി പരിശീലന സെക്ഷനില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരായ സൗഹൃദ മത്സരത്തില്‍ വിരാട് കളിക്കില്ല. താരം നേരത്തെ ബി.സി.സി.ഐയോട് വിശ്രമത്തിന് ആവിശ്യപ്പെട്ടിരുന്നു.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

 

 

Content Highlight: Sanju Samson In Great Record Achievement In 2024 IPL