വമ്പന്‍ കുതിച്ച് ചാട്ടവുമായി സഞ്ജു; പന്തിനേയും കിഷനേയും മറികടന്നു!
Daily News
വമ്പന്‍ കുതിച്ച് ചാട്ടവുമായി സഞ്ജു; പന്തിനേയും കിഷനേയും മറികടന്നു!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2024, 12:57 pm

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരത്തില്‍ ഇന്ത്യ 134 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ബംഗ്ലാദേശിനെതിരെ 3-0ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങി ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് സെഞ്ച്വറി നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഐ.സി.സി ടി-20 ബാറ്റിങ് റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്താനാണ് മലയാളി സ്റ്റാര്‍ ബാറ്റര്‍ക്ക് സാധിച്ചത്. 91ാം സ്ഥാനത്ത് നിന്ന് 65ാം സ്ഥാനത്തേക്ക് എത്താനാണ് സഞ്ജുവിന് സാധിച്ചത്. മാത്രമല്ല നിതീഷ് കുമാര്‍ റെഡ്ഡി (72), ശിവം ദുബെ (80), ഇഷാന്‍ കിഷന്‍ (82), റിഷബ് പന്ത് (97) എന്നിവരെയാണ് സഞ്ജു റാങ്കിങ്ങില്‍ പിന്നിലാക്കിയത്.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തസ്‌കിന്‍ അഹമ്മദിന്റെ ഓവറില്‍ തലങ്ങും വിലങ്ങും നാല് തുടര്‍ച്ചയായി ഫോര്‍ അടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറിലെ ആദ്യ പന്ത് മിസ്സായപ്പോള്‍ ബാക്കിയുള്ള പന്തില്‍ അഞ്ച് സിക്സര്‍ തുടര്‍ച്ചയായി അടിച്ച് അമ്പരപ്പിക്കുകയായിരുന്നു സഞ്ജു.

47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. 40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. മിന്നും പ്രകടനത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം, ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം എന്നിങ്ങനെ പല റെക്കോഡുകളും വാരിക്കൂട്ടാന്‍ സഞ്ജുവിന് സാധിച്ചു.

 

Content Highlight: Sanju Samson In Big Movement In ICC T-20 Bating Ranking