| Sunday, 23rd April 2023, 8:59 pm

വിരാടിന്റെ ക്യാപ്റ്റന്‍സിക്ക് ചെക്ക് വെച്ച സഞ്ജു ബ്രില്യന്‍സ്; തോറ്റെങ്കിലും ചര്‍ച്ചയായി സഞ്ജുവിന്റെ ക്ലാസിക് ഷോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ നാലാം വിജയവും സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയപാതയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സിന്റെ കളിത്തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ സന്ദര്‍ശകരായ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ആര്‍.സി.ബി വിജയം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് ആദ്യ പന്തില്‍ തന്നെ വിരാടിനെയും മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഷഹബാസ് അഹമ്മദിനെയും നഷ്ടമായെങ്കിലും ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സിനെ മികച്ച നിലയിലെത്തിച്ചു. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ആര്‍.സി.ബി 189 എന്ന മാന്യമായ നിലയിലെത്തി.

വിരാടും മാക്‌സിയും ഫാഫും പുറത്തായാല്‍ ആര്‍.സി.ബിയുടെ മറ്റ് ബാറ്റര്‍മാരെക്കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായ മത്സരമായിരുന്നു ഇത്.

190 റണ്‍സ് ടാര്‍ഗെറ്റുമായി ഇറങ്ങിയ രാജസ്ഥാനും തുടക്കം പാളിയിരുന്നു. ആദ്യ ഓവറില്‍ തന്നെ ജോസ് ബട്‌ലറിനെ സില്‍വര്‍ ഡക്കായി മടക്കിക്കൊണ്ട് മുഹമ്മദ് സിറാജ് വെടിക്കെട്ടിന് തിരികൊളുത്തി. വണ്‍ ഡൗണായി സഞ്ജുവിനെ പ്രതീക്ഷിച്ച ചിന്നസ്വാമിയെ അമ്പരപ്പിച്ചുകൊണ്ട് ദേവ്ദത്ത് പടിക്കലാണ് കളത്തിലിറങ്ങിയത്.

എന്നാല്‍ തന്റെ പഴയ ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് പടിക്കല്‍ സ്‌കോര്‍ ചെയ്തത്. സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറിയാണ് ആര്‍.സിബിക്കെതിരെ താരം നേടിയത്. 34 പന്തില്‍ നിന്നും 55 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ പടിക്കലിന്റെ സമ്പാദ്യം.

നാലാമനായി ക്യാപ്റ്റന്‍ സഞ്ജു ഇറങ്ങിയതോടെ ചിന്നസ്വാമി ആവേശത്തിലായി. തങ്ങള്‍ കാത്തിരുന്ന പ്ലെയര്‍ ബാറ്റിലിന് സാക്ഷ്യം വഹിക്കാം എന്ന ആവേശത്തിലായിരുന്നു ആരാധകര്‍. ഹസരങ്കയും താരത്തിന്റെ ബണ്ണിയായ സഞ്ജുവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കാണാന്‍ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശരാകേണ്ടി വന്നിരുന്നില്ല.

ഹസരങ്കയുടെ വളരെ കുറച്ച് പന്തുകള്‍ മാത്രമാണ് നേരിട്ടതെങ്കിലും തന്റെ ക്ലാസ് വ്യക്തമാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

ഇതിന് മുമ്പ് ഏഴ് തവണ പരസ്പരമേറ്റുമുട്ടിയപ്പോള്‍ ആറ് തവണയും സഞ്ജുവിനെ പുറത്താക്കിയ ഹസരങ്കക്ക് ഇത്തവണ അതാവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കിയത്.

ഹസരങ്കക്കെതിരെ സഞ്ജു എത്തുമ്പോഴെല്ലാം തന്നെ ഫീല്‍ഡിങ് ക്രമീകരിക്കാന്‍ ക്യാപ്റ്റന്‍ വിരാട് പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ലോങ് ഓണിലും ലോങ് ഓഫിലും ഫീല്‍ഡര്‍മാരെ നിര്‍ത്തി സഞ്ജുവിനെ സ്‌ട്രെയ്റ്റ് ഷോട്ട് കളിക്കുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്താനായിരുന്നു വിരാടിന്റെ ശ്രമം.

സിംഗിളോടിയും മറ്റും സഞ്ജു സ്‌ട്രൈക്കിലെത്തിയപ്പോഴെല്ലാം തന്നെ വിരാട് ഇത്തരത്തില്‍ ഫീല്‍ഡിങ് ക്രമീകരിച്ചിരുന്നു. ഇക്കാര്യം കമന്റേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

15ാം ഓവറിലെ നാലാം പന്തിലും ഇത്തരത്തില്‍ വിരാട് സഞ്ജുവിനെ തടയാന്‍ ലോങ് ഓണിലും ലോങ് ഓഫിലും ഫീല്‍ഡര്‍മാരെ വിന്യസിച്ചിരുന്നു. എന്നാല്‍ വിരാടിനെയും ഹസരങ്കയെയും ഒന്നടങ്കം നിരാശരാക്കി സഞ്ജു മിഡ് വിക്കറ്റിലൂടെ സിക്‌സര്‍ നേടുകയായിരുന്നു. അധികം എലവേഷനില്ലാതെ ഫീല്‍ഡര്‍ ഇല്ലാത്തിടത്തേക്ക് ഹസരങ്കയെ തഴുകിവിട്ടാണ് സഞ്ജു സിക്‌സര്‍ നേടിയത്. ഈ സിക്‌സര്‍ പിറന്നപ്പോള്‍ വിരാടിന്റെ മുഖത്ത് നിരാശയും വ്യക്തമായിരുന്നു.

ആ ഓവറിലെ ആദ്യ പന്തില്‍ തന്നെ സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ച് സഞ്ജു ബൗണ്ടറിയും നേടിയിരുന്നു. 13 റണ്‍സാണ് ഹസരങ്കയെറിഞ്ഞ 15ാം ഓവറില്‍ പിറന്നത്.

ഹസരങ്ക – സഞ്ജു പോരാട്ടത്തില്‍ കഴിഞ്ഞ ആറ് തവണയും വിജയം ലങ്കന്‍ സ്പിന്നര്‍ക്കൊപ്പമായിരുന്നെങ്കില്‍ ഇത്തവണ അത് രാജസ്ഥാന്‍ ക്യാപ്റ്റനൊപ്പമായിരുന്നു.

മെയ് 14ന് തങ്ങളുടെ സെക്കന്‍ഡ് ലാസ്റ്റ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ രാജസ്ഥാന്‍ ഒരിക്കല്‍ക്കൂടി വിരാടിനെയും സംഘത്തെയും നേരിടും. ആര്‍.സി.ബി – ആര്‍.ആര്‍ പോരാട്ടത്തേക്കാള്‍ ആരാധകര്‍ കാത്തിരിക്കുന്ന സഞ്ജു – ഹസരങ്ക പോരാട്ടം തന്നെയായിരിക്കും മെയ് 14ന്റെയും ഹൈലൈറ്റ്.

Content Highlight: Sanju Samson hits six against Wanindu Hasaranga

We use cookies to give you the best possible experience. Learn more