അമേരിക്കയ്ക്ക് എതിരായ മത്സരത്തിലും വിജയിച്ച ഇന്ത്യ ലോകകപ്പിലെ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം നസ്സാവൂ കൗണ്ടില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ലോകകപ്പ് മത്സരങ്ങള്‍ പൊടിപൊടിക്കുമ്പോഴും നിരാശ മാത്രമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്. ഏറെക്കാലത്തിന്റെ പ്രയത്‌നത്തിന്റെ ഫലമായി ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ എത്തിയ മലയാളി താരം പ്ലെയിങ് ഇലവനില്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഓപ്പണിങ് ഇറങ്ങിയ സഞ്ജു പൂജ്യം റണ്‍സിനാണ് പുറത്തായത്. ഇതോടെ അയര്‍ലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ റിഷബ് പന്തിനെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവച്ച സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഫോമിലേക്ക് തിരിച്ചുവന്നത് സഞ്ജുവിന്റെ സാധ്യതകള്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. അതേസമയം വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും അമേരിക്കക്കെതിരെ 18 റണ്‍സിനാണ് പുറത്തായത്. ദുബെ, പന്ത്, സൂര്യ എന്നിവര്‍ ഫോമിലുള്ളതിനാല്‍ അടുത്ത മത്സരത്തിലെ ഇലവനിലും സ്ഥാനം ഉറപ്പിക്കുമെന്നും ഉറപ്പാണ്.