| Monday, 25th March 2024, 5:36 pm

അഞ്ച് മത്സരം, നാല് പ്ലെയര്‍ ഓഫ് ദി മാച്ച്; സഞ്ജു ഗാഥ അവസാനിക്കുന്നില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഐ.പി.എല്‍ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. തങ്ങളുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് സഞ്ജു സാംസണും സംഘവും വിജയിച്ചുകയറിയത്.

ക്യാപ്റ്റന്‍ സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറിയും റിയാന്‍ പരാഗിന്റെ മികച്ച ഇന്നിങ്‌സിലും നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 193 റണ്‍സാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 173ലൊതുങ്ങി.

52 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ സഞ്ജുവിനെയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുത്തത്.

2020 മുതല്‍ രാജസ്ഥാന്റെ ഓപ്പണിങ് മാച്ചുകളില്‍ നിന്നും സഞ്ജു നേടുന്ന നാലാമത് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരമാണിത്. 2020, 2021, 2022, 2024 സീസണുകളിലാണ് സഞ്ജു രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പ്ലെയര്‍ ഓപ് ദി മാച്ച് നേടിക്കൊണ്ടാണ് സഞ്ജു ഈ സ്ട്രീക്കിന് തുടക്കമിട്ടത്. 32 പന്തില്‍ 74 റണ്‍സ് നേടിയാണ് സഞ്ജു രാജസ്ഥാന്റെ ടോപ് സ്‌കോററും കളിയിലെ താരവുമായത്.

തൊട്ടടുത്ത സീസണില്‍ പഞ്ചാബ് കിങ്‌സിനെയാണ് രാജസ്ഥാന് നേരിടാനുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 221 റണ്‍സ് നേടി. 222 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ നാല് റണ്‍സകലെ കാലിടറി വീണു.

രാജസ്ഥാന്‍ ടോട്ടലിന്റെ പകുതിയിലധികം റണ്‍സും പിറന്നത് സഞ്ജുവിന്റെ ബാറ്റില്‍ നിന്നുമായിരുന്നു. 63 പന്തില്‍ 119 റണ്‍സാണ് സഞ്ജു നേടിയത്. മത്സരം പരാജയപ്പെട്ടെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുത്തത് സഞ്ജുവിനെയായിരുന്നു.

2022ലും 2023ലും സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആദ്യ മത്സരത്തില്‍ രാജസ്ഥാന് നേരെ വന്നത്. ഈ രണ്ട് മത്സരത്തിലും പിങ്ക് പട വിജയിച്ചുകയറി.

2022ല്‍ 61 റണ്‍സിനാണ് രാജസ്ഥാന്‍ വിജയിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓറഞ്ച് പടയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടാന്‍ സാധിച്ചത്.

27 പന്തില്‍ 55 റണ്‍സടിച്ച ക്യാപ്റ്റന്‍ സഞ്ജു തന്നെയായിരുന്നു കളിയിലെ താരം.

2023ല്‍ 72 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് രാജസ്ഥാന്‍ സണ്‍റൈസേഴ്‌സിനെതിരെ നേടിയത്. രാജസ്ഥാന്റെ ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളും അര്‍ധ സെഞ്ച്വറി തികച്ച മത്സരം കൂടിയായിരുന്നു അത്. സഞ്ജു 32 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സും ജെയ്‌സ്വാള്‍ 37 പന്തില്‍ 54 റണ്‍സും നേടി.

കൂടുതല്‍ റണ്‍സ് നേടിയത് സഞ്ജുവാണെങ്കിലും ബട്‌ലറിന്റെ ഇന്നിങ്‌സിന്റെ ഇംപാക്ട് കണക്കിലെടുത്ത് ഇംഗ്ലണ്ട് നായകനെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കുകയായിരുന്നു.

ഇപ്പോള്‍ 2024ലും രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ വിജയിച്ചിരിക്കുകയാണ്. 2020 മുതലുള്ള പതിവ് തെറ്റിക്കാതെ സഞ്ജു സാംസണ്‍ 50+ സ്‌കോര്‍ നേടുകയും ടീമിന്റെ ടോപ് സ്‌കോററാവുകയും ചെയ്ത മത്സരത്തില്‍ 2023ല്‍ കൈവിട്ട പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം താരം വീണ്ടും സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഐ.പി.എല്‍ 2024ല്‍ എല്ലാ ടീമുകളും ആദ്യ മത്സരം കളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

മാര്‍ച്ച് 28നാണ് രാജസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

Content highlight: IPL: Sanju Samson has won the player of the match award in four out of five opening matches for Rajasthan Royals since 2020.

We use cookies to give you the best possible experience. Learn more