| Friday, 18th August 2023, 11:33 pm

ഇന്ത്യ വിജയിച്ചു, എന്നാല്‍ സഞ്ജു ഫാന്‍സ് ഹാപ്പി അല്ല! അണ്‍ലക്കി എന്നതിന്റെ മറുപേരോ സഞ്ജു?

സ്പോര്‍ട്സ് ഡെസ്‌ക്

അയര്‍ലന്‍ഡിനെതിരെയുള്ള ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലുയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയിച്ചത്. ഡി.എല്‍.എസ് നിയമപ്രകാരമുണ്ടാകേണ്ട റണ്‍സിനേക്കാള്‍ രണ്ട് റണ്‍സ് ഇന്ത്യക്ക് കൂടുതലുണ്ടായിരുന്നു. രണ്ട് റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

ടീം സ്‌കോര്‍ 47 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ പെയ്ത് കളി മുടങ്ങിയത്. പിന്നീട് ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. 6.5 ഓവറുകളാണ് ഇന്ത്യ ബാറ്റ് ചെയ്തത്. 140 റണ്‍സായിരുന്നു ഇന്ത്യയുടെ ടാര്‍ഗറ്റ്.

19 റണ്‍സുമായി റുതുരാജ് ഗെയ്ക്വാദും ഒരു റണ്ണുമായി സഞ്ജു സാംസണുമായിരുന്നു മഴ എത്തിയപ്പോള്‍ ക്രീസിലുണ്ടായിരുന്നത്. സഞ്ജുവിനെ സമ്പന്ധിച്ചെടുത്തോളം ഈ പരമ്പര അനിവാര്യമാണ്. ലോകകപ്പ് ടീമിലേക്ക വിക്കറ്റ് കീപ്പര്‍മാരുടെ മത്സരത്തിലുള്ള അദ്ദേഹത്തിന് ഈ പരമ്പര അവസാന അവസരം പോലെയാണ്.

വിന്‍ഡീസ് പര്യടനത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച താരത്തിന് ഈ മത്സരത്തിലൂടെ തിരിച്ചുവരാനൊക്കുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ വീണ്ടും നിര്‍ഭാഗ്യം സഞ്ജുവിന്റെ കൂടെ കൂടുന്ന കാഴ്ചയാണ് കാണുന്നത്. താരം ക്രീസിലെത്തി ഒരു പന്ത് നേരിട്ടപ്പോള്‍ തന്നെ മഴ പെയ്തു കളി മുടങ്ങി. ഇനിയുള്ള രണ്ട് മത്സരത്തിലും ബാറ്റിങ് കിട്ടിയാല്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമില്‍ സ്ഥാനം കണ്ടെത്താനായിരിക്കും സഞ്ജു ശ്രമിക്കുക.

അതേസമയം ഇന്ത്യക്കായി ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ടും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ 47/2 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ എത്തിയത്. 24 റണ്‍സ് നേടി യശസ്വി ജെയ്‌സ്വാളും, റണ്‍സൊന്നുമെടുക്കാതെ തിലക് വര്‍മയുമാണ് പുറത്തായ ബാറ്റര്‍മാര്‍.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് പത്ത് ഓവറുകളോളം പതറുന്ന കാഴ്ചയായിരുന്നു കണ്ടത്. മത്സരത്തില്‍ ഒരു തരത്തിലും അയര്‍ലന്‍ഡിന് ഇന്ത്യക്ക് മുകളില്‍ എത്താന്‍ സാധിക്കാത്ത അവസ്ഥ. മറുവശത്ത് ബുംറ നയിക്കുന്ന ബൗളിങ് നിര തീ തുപ്പുന്ന പ്രകടനവും. ഒരു സമയം അയര്‍ലന്‍ഡ് നൂറ് കടക്കുമോ എന്ന് വരെ സംശയിച്ചിരുന്നു.

എന്നാല്‍ അയര്‍ലന്‍ഡിന്റെ എട്ടാം നമ്പര്‍ ബാറ്റര്‍ ബാരി മക്കാര്‍ത്തി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 10 ഓവറില്‍ ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെയായിരുന്നു മക്കാര്‍ത്തി ക്രീസിലെത്തുന്നത്. ഏഴാം വിക്കറ്റില്‍ കര്‍ടിസ് കാംഫറുമായി മികച്ച 57 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാന്‍ മക്കാര്‍ത്തിക്ക് സാധിച്ചു. കാംഫര്‍ 33 പന്തില്‍ നിന്നും 39 റണ്‍സ് നേടി.

എന്നാല്‍ പിന്നീട് മക്കാര്‍ത്തി അഴിഞ്ഞാടുകയായിരുന്നു. ഒടുവില്‍ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 33 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ മക്കാര്‍ത്തി നിന്നു. മത്സരം എങ്ങനെ അവസാനിച്ചാലും മക്കാര്‍ത്തിയുടെ ഇന്നിങ്‌സ് ഒരുപാട് പ്രശംസ അര്‍ഹിക്കുന്നതാണ്. നാല് ഫോറും അത്രയും തന്നെ സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇന്ത്യക്കെതിരെ ട്വന്റി-20 ക്രിക്കറ്റില്‍ എട്ടാം നമ്പറില്‍ ഇറങ്ങി അര്‍ധസെഞ്ച്വറി തികക്കുന്ന ആദ്യ ബാറ്ററാണ് മക്കാര്‍ത്തി. താരത്തിന്റെ ആദ്യ അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്.

Content Highlight: Sanju Samson has this unluckyness with him

We use cookies to give you the best possible experience. Learn more