| Friday, 22nd December 2023, 11:19 am

ഒറ്റ സെഞ്ച്വറി കരുത്തില്‍ സാക്ഷാല്‍ കപില്‍ ദേവിനൊപ്പം; സഞ്ജു സ്റ്റോമില്‍ കടപുഴകി റെക്കോഡുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സന്ദര്‍ശകരും ആതിഥേയരും ഓരോന്ന് വീതം ജയിച്ച് 1-1ന് സമനില പാലിച്ചതിനാല്‍ മൂന്നാം മത്സരം ഇരുടീമിനെയും സംബന്ധിച്ച് നിര്‍ണായകമായിരുന്നു.

ബോളണ്ട് പാര്‍ക്കിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ത്യയും പ്രോട്ടിയാസും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. 114 പന്തില്‍ നിന്നും 108 റണ്‍സാണ് സഞ്ജു നേടിയത്. താരത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിയും ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയുമായിരുന്നു മൂന്നാം ഏകദിനത്തില്‍ പിറന്നത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സഞ്ജുവിനെ തേടിയെത്തിയിരിക്കുകയാണ്. സേന രാജ്യങ്ങളില്‍ വെച്ച് തങ്ങളുടെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് സഞ്ജു തിളങ്ങിയത്.

ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – സെഞ്ച്വറി നേടിയ വര്‍ഷം – എതിരാളികള്‍ – വേദി എന്നീ ക്രമത്തില്‍)

കപില്‍ ദേവ് – 1983 (ലോകകപ്പ്) – സിംബാബ്‌വേ – ഇംഗ്ലണ്ട്

ഡബ്ല്യൂ. വി. രാമന്‍ – 1992 – സൗത്ത് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക

ശിഖര്‍ ധവാന്‍ – 2013 (ചാമ്പ്യന്‍സ് ട്രോഫി) – സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട്

അജിന്‍ക്യ രഹാനെ – 2014 – ഇംഗ്ലണ്ട് – ഇംഗ്ലണ്ട്

മനീഷ് പാണ്ഡേ – 2016 – ഓസ്‌ട്രേലിയ – ഓസ്‌ട്രേലിയ

ശ്രേയസ് അയ്യര്‍ – 2020 – ന്യൂസിലാന്‍ഡ് – ന്യൂസിലാന്‍ഡ്

റിഷബ് പന്ത് – 2022 – ഇംഗ്ലണ്ട് – ഇംഗ്ലണ്ട്

സഞ്ജു സാംസണ്‍ – 2023 – സൗത്ത് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക

സഞ്ജു സാംസണ് പുറമെ അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയും ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി. 77 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്.

ഇരുവരുടെയും കരുത്തില്‍ കെട്ടിപ്പൊക്കിയ 297 റണ്‍സിന്റെ ടാര്‍ഗെറ്റ് ബൗളര്‍മാര്‍ കൃത്യമായി ഡിഫന്‍ഡ് ചെയ്യുകയും ചെയ്തു.

ഒമ്പത് ഓവറില്‍ വെറും 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും പത്ത് ഓവറില്‍ 38 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 26ന് ആരംഭിക്കും. സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്കാണ് വേദി.

Content highlight: Sanju Samson has made it to the list of players who have scored the first ODI century in SENA country

Latest Stories

We use cookies to give you the best possible experience. Learn more