ഐ.പി.എല്‍ 2023ന് കൊടിയേറാന്‍ ഇനി കയ്യിലെണ്ണാവുന്ന ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റിലെ പത്ത് ടീമും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ലീഗിന്റെ ചാമ്പ്യന്‍മാരാകാന്‍ അരയും തലയും മുറുക്കി ഇറങ്ങുകയാണ്.
പുതിയ സീസണില്‍ ഫാന്‍ ഫേവറിറ്റുകളാണ് രാജസ്ഥാന്‍ റോയല്‍സ്. ഇത്തവണ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളിലൊന്നും രാജസ്ഥാന്‍ തന്നെ.
രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന ശക്തികേന്ദ്രം ക്യാപ്റ്റന്‍ സഞ്ജു സാംസണാണ്. ക്യാപ്റ്റന്‍സിയേറ്റെടുത്ത രണ്ടാം സീസണില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ചാണ് സഞ്ജു മികവ് കാട്ടിയത്. 2008ല്‍ കിരീടം നേടിയ ശേഷം ഇതാദ്യമായിട്ടാണ് രാജസ്ഥാന്‍ ഐ.പി.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചത്.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും സക്‌സസ്ഫുള്ളായ ബാറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ രണ്ടേ രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മാത്രമായിരുന്നു 150+ സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്നത്, ഇതില്‍ ഒരാളാണ് സഞ്ജു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍ താരം രാഹുല്‍ ത്രിപാഠിയാണ് അടുത്ത താരം.
കഴിഞ്ഞ സീസണില്‍ ഈ നേട്ടമുള്ള ഏക നായകനും സഞ്ജു സാംസണ്‍ തന്നെയാണ്.
ബാറ്റിങ്ങിലെ ഈ സ്‌ഫോടനാത്മകത സഞ്ജു സാംസണ്‍ കാലങ്ങളായി കൊണ്ടുനടക്കുന്നുമുണ്ട്. ഐ.പി.എല്ലിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുകയും ചെയ്യും.
2020ന് ശേഷം ഐ.പി.എല്ലില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സഞ്ജുവിന്റെ പേരിലാണെന്ന് പലര്‍ക്കും അറിയാത്ത വസ്തുതയാണ്. ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവിന് പോലും സഞ്ജുവിനോളം പ്രഹര ശേഷിയില്ല.