കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റില്‍ തന്റെ സ്ഥാനം അടിവരയിട്ടുറപ്പിക്കുകയാണ് സഞ്ജു സാംസണ്‍. ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു തന്നെയാണ് നിലവിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റ് ഉള്ള താരവും.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നാഷണല്‍ ടീമില്‍ എന്തുകൊണ്ടും ഇടം നേടാന്‍ യോഗ്യതയുള്ള താരമാണ് സഞ്ജു. എന്നിരുന്നാലും മെയ്ന്‍ ടീം ഇപ്പോഴും സഞ്ജുവിന് കിട്ടാക്കനിയായി തുടരുകയാണ്.
നേരത്തെ അവസാനിച്ച ഏഷ്യാ കപ്പിലും വരാനിരിക്കുന്ന ടി-20 ലോകകപ്പിലും സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ടി-20യില്‍ മികച്ച ഇംപാക്ട് ഉണ്ടാക്കുമ്പോഴും ഐ.പി.എല്ലില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ക്യാപ്ഡ് താരമായിട്ടും ടി-20 ടീമിലും സഞ്ജുവിന് നേരെ സെലക്ടര്‍മാര്‍ മുഖം തിരിക്കുകയായിരുന്നു.
ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ മോശം പ്രകടനം തുടരുന്ന റിഷബ് പന്തിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി ടി-20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബി.സി.സി.ഐ മത്സരത്തിന് മുമ്പ് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടതിനെ കുറിച്ചാണ് സഞ്ജു ഇപ്പോള്‍ സംസാരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി തന്നോട് ബി.സി.സി.ഐ തയ്യാറായി ഇരിക്കാന്‍ ആവശ്യപ്പെടുന്നതായി സഞ്ജു പറയുന്നു.
‘ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ പല റോളുകളും പ്രാക്ടീസ് ചെയ്യാറുണ്ട്. തയ്യാറായിരിക്കാന്‍ ടീം മാനേജ്‌മെന്റ് എനിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ടോപ് ഓര്‍ഡറില്‍ ഞാന്‍ പല തവണ ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കളിയെ മനസിലാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കളിയിലെ ചില പ്രത്യേക സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും ഞാന്‍ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്,’ സഞ്ജു പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. ഇന്ത്യ പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ ഏകദിനത്തിലെ തന്റെ മികച്ച സ്‌കോറും താരം നേടിയിരുന്നു.
വലിയ മാര്‍ജിനില്‍ പരാജയപ്പെടുമെന്ന് തോന്നിച്ചിടത്ത് നിന്നുമാണ് സഞ്ജു ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. 63 പന്തില്‍ നിന്നും പുറത്താവാതെ 86 റണ്‍സായിരുന്നു സഞ്ജു നേടിയത്.
രണ്ടാം മത്സരത്തില്‍ ശ്രേയസ് അയ്യരിനെ ആക്രമിക്കാന്‍ അനുവദിച്ച് ഒരറ്റത്ത് ഉറച്ച് നിന്നായിരുന്നു സഞ്ജു തന്റെ ക്ലാസ് പുറത്തെടുത്തത്. മത്സരത്തില്‍ 36 പന്തില്‍ നിന്നും 30 റണ്‍സ് നേടി സഞ്ജു പുറത്താവാതെ നിന്നു.
മൂന്നാം മത്സരത്തില്‍ നാല് പന്തില്‍ നിന്നും പുറത്താവാതെ രണ്ട് റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ ഒറ്റ മത്സരത്തില്‍ പോലും സഞ്ജുവിനെ പുറത്താക്കാന്‍ പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല.
Content Highlight: Sanju Samson has been given instructions by team management to be ready