ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20 പരമ്പര അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം മഴയെടുക്കുകയും ശേഷിക്കുന്ന മത്സരങ്ങളില്‍ ഓരോന്ന് വീതം ഇരുടീമുകളും വിജയിച്ചപ്പോള്‍ പരമ്പര സമനിലയില്‍ കലാശിക്കുകയായിരുന്നു.
ടി-20 പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഡിസംബര്‍ 17നാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്.
മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിന്റെ ഭാഗമാണ്. ഏറെ നാളുകള്‍ക്ക് ശേഷം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ജേഴ്‌സിയണിയുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ഈ പരമ്പരയില്‍ സഞ്ജുവിനെ കരിയറിലെ ഒരു സുപ്രധാന നേട്ടം കാത്തിരിക്കുന്നുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ 500 റണ്‍സ് എന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഈ നേട്ടത്തിലെത്താന്‍ 110 റണ്‍സ് കൂടിയാണ് സഞ്ജുവിന് വേണ്ടത്.
ഏകദിനത്തില്‍ ഇതുവരെ ഇന്ത്യക്കായി 13 മത്സരത്തില്‍ നിന്നും 12 ഇന്നിങ്‌സിലാണ് സഞ്ജു ബാറ്റെടുത്തിട്ടുള്ളത്. 55.71 എന്ന ശരാശരിയിലും 104.00 എന്ന സ്‌ട്രൈക്ക് റേറ്റിലും 390 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.
മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 2022ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ 63 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 86 റണ്‍സാണ്.
കെ.എല്‍. രാഹുല്‍ ടീമിന്റെ ഭാഗമാണെന്നിരിക്കെ ഈ പരമ്പരയില്‍ സഞ്ജുവിന് എത്ര മത്സരത്തില്‍ കളത്തിലിറങ്ങാന്‍ സാധിക്കും എന്നത് വലിയ ചോദ്യമായി തന്നെ ആരാധകരുടെ മുമ്പിലുണ്ട്. എന്നിരുന്നാലും സഞ്ജുവിന് അവസരം ലഭിക്കുമെന്നും കഴിഞ്ഞ വര്‍ഷം സൗത്ത് ആഫ്രിക്കക്കെതിരെ പുറത്തെടുത്ത അതേ ഡോമിനന്‍സ് ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഡിസംബര്‍ 17 ഞായറാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. ജോഹാനസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയമാണ് വേദി.