ടി-20യിലെ 200ാം മത്സരത്തിനിറങ്ങുമ്പോള്‍ കണക്കിലെ കളികള്‍ സഞ്ജുവിന് അനുകൂലം; രാജസ്ഥാന്‍ മുംബൈ മത്സരത്തില്‍ സഞ്ജു ആറാടും
IPL
ടി-20യിലെ 200ാം മത്സരത്തിനിറങ്ങുമ്പോള്‍ കണക്കിലെ കളികള്‍ സഞ്ജുവിന് അനുകൂലം; രാജസ്ഥാന്‍ മുംബൈ മത്സരത്തില്‍ സഞ്ജു ആറാടും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd April 2022, 3:44 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനിറങ്ങുകയാണ്. മള്‍ട്ടിപ്പിള്‍ ടൈംസ് ഐ.പി.എല്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍.

തുല്യശക്തികളുടെ പോരാട്ടമായാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. ഇരുവരുടെയും ബാറ്റര്‍മാരും ബൗളര്‍മാരും കൊള്ളാനും കൊടുക്കാനും പോന്നവര്‍ തന്നെയാണ്.

രോഹിത്തിന്റെ മുംബൈയ്ക്ക് ഹോം അഡ്വാന്റേജ് ലഭിക്കുമെങ്കിലും മുംബൈയ്‌ക്കെതിരെ യഥാര്‍ത്ഥ അഡ്വാന്റേജ് രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന് തന്നെയാണ്.

മുംബൈയ്‌ക്കെതിരെ രാജസ്ഥാന് വേണ്ടി കളിക്കുമ്പോഴാണ് താരം തന്റെ വിശ്വരൂപം പുറത്തെടുത്തിട്ടുള്ളത്. സഞ്ജു ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും രാജസ്ഥാന്‍-മുംബൈ മത്സരങ്ങളിലാണ്. 560 റണ്‍സാണ് താരം മുംബൈയ്‌ക്കെതിരെ സ്വന്തമാക്കിയിട്ടുള്ളത്.

ഇതിന് പുറമെ താരം തന്റെ 200ാം ടി-20 മത്സരത്തിനാണിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കാഴ്ച വെച്ച അതേ പ്രകടനം കാഴ്ചവെച്ചാല്‍ രാജസ്ഥാന്‍ പുഷ്പം പോലെ ജയിക്കും എന്ന കാര്യം ഉറപ്പാണ്.

സമ്പന്നമാണ് രാജസ്ഥാന്‍ നിര. ബാറ്റിംഗില്‍ സഞ്ജുവിനൊപ്പം ദേവദത്ത് പടിക്കലും ഹെറ്റ്‌മെയറും ബട്‌ലറും ആഞ്ഞടിക്കാന്‍ ഒരുങ്ങുമ്പോള്‍ ബൗളിംഗ് നിരയില്‍ എറിഞ്ഞ് വീഴ്ത്താന്‍ ട്രന്റ് ബോള്‍ട്ടും കറക്കി വീഴ്ത്താന്‍ ചഹലും അശ്വിനും എപ്പോഴേ തയ്യാറാണ്.

എന്നാല്‍ മുംബൈയും മോശക്കാരല്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡിന്റയും കരുത്തിനെയാണ് മുംബൈ ആശ്രയിക്കുന്നത്. ബൗളിംഗിലാവട്ടെ ജസ്പ്രിത് ബുംറയും ജോഫ്രാ ആര്‍ച്ചറും ബേസില്‍ തമ്പിയുമാണ്‌ ആക്രമണത്തിന് കോപ്പുകൂട്ടുന്നത്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് രാജസ്ഥാന്‍ വീണ്ടും ബാറ്റിംഗിന് ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിലും ആദ്യം ബാറ്റ് ചെയ്താണ് റോയല്‍സ് കളി ജയിച്ചത്.

Content highlight: Sanju Samson had score maximum runs while playing against Mumbai Indians