Cricket
ധൈര്യമായി എറിഞ്ഞോ എല്ലാം ഞാനേറ്റു...വെടിച്ചില്ലായി സഞ്ജു; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 13, 04:14 pm
Saturday, 13th April 2024, 9:44 pm

2024 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് ആണ് നേടിയത്.

മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ നേടിയ ഒരു തകര്‍പ്പന്‍ റണ്‍ഔട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പഞ്ചാബിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ലിയാന്‍ ലിവിങ്സ്റ്റണിനെയാണ് സഞ്ജുവിന്റെ മികച്ച ഒരു റണ്‍ ഔട്ടിലൂടെ പുറത്താക്കിയത്.

യുസ്വേന്ദ്ര ചാഹല്‍ എറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ആയിരുന്നു ഇംഗ്ലണ്ട് താരം പുറത്തായത്. അശുതോഷ് അടിച്ച പന്തിന് സിംഗിള്‍ എടുക്കുകയും ഡബിളിനായി ഓടാന്‍ തയ്യാറായപ്പോഴേക്കും രാജസ്ഥാന്‍ ഫീല്‍ഡര്‍ തനുഷ് കോട്ടിയാന്റെ കയ്യില്‍ പന്ത് ലഭിക്കുകയായിരുന്നു.

ഈ സമയത്ത് ലിവിങ്സ്റ്റണ്‍ ഡബിളിനായി മുന്നോട്ടുവരികയായിരുന്നു എന്നാല്‍ പിന്നീട് ക്രീസിലേക്ക് തിരിച്ചെത്തിയെങ്കിലും പന്ത് ലഭിച്ച സഞ്ജു പെട്ടെന്ന് തന്നെ ഒരു ത്രോയിലൂടെ ഇംഗ്ലണ്ട് താരത്തെ പുറത്താക്കുകയായിരുന്നു.

അതേസമയം പഞ്ചാബ് ബാറ്റിങ് തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു. ആദ്യ 10 ഓവറില്‍ തന്നെ മുന്‍നിര ബാറ്റര്‍മാര്‍ എല്ലാം പുറത്താവുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അഷുതോഷ് ശര്‍മയാണ് പഞ്ചാബിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. 16 പന്തില്‍ 31 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. വൈസ് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ 24 പന്തില്‍ 29 ലിയാം ലിവിങ്സ്റ്റണ്‍ 14 പന്തില്‍ 21 റണ്‍സും നേടി.

രാജസ്ഥാന്‍ ബൗളിങ്ങില്‍ കേശവ് മഹാരാജ്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ട്രെന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: Sanju Samson great run out against Liam Livingston Video viral