2024 ഐ.പി.എല്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടുകൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിരീട പോരാട്ടത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. രാജസ്ഥാൻ നായകന്റെ ഐ.പി.എല്ലിലെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ സഞ്ജു സാംസണിന്റെ പേരിലുള്ള ഒരു തകര്‍പ്പന്‍ റെക്കോഡാണ് ഇപ്പോഴും തകര്‍ക്കപ്പെടാതെ നിലനില്‍ക്കുന്നത്.
ഐ.പി.എല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത് സഞ്ജുവാണ്. ഓറഞ്ച് ആര്‍മിക്കെതിരെ 20 ഇന്നിങ്‌സില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 791 റണ്‍സാണ് മലയാളി താരം അടിച്ചെടുത്തത്. 49.43 ആവറേജില്‍ 138.28 പ്രഹരശേഷിയിലാണ് സഞ്ജു ബാറ്റ് വീശിയത്. ഓറഞ്ച് പടക്കെതിരെ 57 ഫോറുകളും 35 സിക്‌സുകളുമാണ് സഞ്ജു നേടിയത്.
2019 സീസണില്‍ ആയിരുന്നു ഹൈദരാബാദിനെതിരെ സഞ്ജു സെഞ്ച്വറി നേടിയത്. 55 പന്തില്‍ പുറത്താവാതെ 102 റണ്‍സ് നേടി കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 185.45 സ്‌ട്രൈക്ക് റേറ്റില്‍ പത്ത് ഫോറുകളും നാല് സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, ഇന്നിങ്‌സ്, റണ്‍സ് എന്നീ ക്രമത്തില്‍
2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നുമാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ തട്ടകത്തിലെത്തുന്നത്. 2021ലാണ് മലയാളി താരം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്.
ഐ.പി.എല്ലില്‍ 152 മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറികളും 20 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 3888 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.
ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച താരങ്ങളുമായാണ് സഞ്ജുവും കൂട്ടരും കിരീട പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്. മാര്‍ച്ച് 24ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.