ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വീണ്ടും വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് സഞ്ജുവും കൂട്ടരും പരാജയപ്പെടുത്തിയത്.
ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോം ടീം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
നായകന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെയായിരുന്നു രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. 33 പന്തില്‍ പുറത്താവാതെ 71 റണ്‍സാണ് സഞ്ജു നേടിയത്. ഏഴു ഫോറുകളും നാലു കൂറ്റന്‍ സിക്‌സുകളും ആണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഒരുപിടി അവിസ്മരണീയമായ നേട്ടങ്ങളാണ് സഞ്ജു സ്വന്തമാക്കിയത്.
നിലവില്‍ ഒമ്പതു മത്സരങ്ങളില്‍ നിന്നും നാല് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 385 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉള്ളത്. ഈ സീസണിലെ റണ്‍വേട്ട ക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താനും സഞ്ജുവിന് സാധിച്ചു.
ഇതിനുപുറമെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന താരം, ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍, ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്നീ തകര്‍പ്പന്‍ നേട്ടങ്ങളാണ് സഞ്ജു സ്വന്തമാക്കിയത്.
സഞ്ജുവിന് പുറമേ 34 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടിയ ധ്രുവ് ജുറലും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
അതേസമയം 48 പന്തില്‍ 76 റണ്‍സ് നേടിയ നായകന്‍ കെ.എല്‍ രാഹുലിന്റെയും 31 പന്തില്‍ 50 റണ്‍സ് നേടിയ ദീപക് ഹുഡയുടെയും കരുത്തിലാണ് മികച്ച ടോട്ടല്‍ നേടിയത്.
Content Highlight: Sanju Samson great Performance against LSG