രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം മുംബൈയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ തട്ടകമായ തിരുവനന്തപുരം സെന്റ് സേവിയര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 78.4 ഓവറില്‍ 251 റണ്‍സിന് പുറത്താക്കുകയായിരുന്നു കേരളം. കേരളത്തിനായി വിക്കറ്റ് കീപ്പിങ്ങില്‍ മികച്ച പ്രകടനമാണ് നായകന്‍ സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. മത്സരത്തില്‍ അഞ്ച് കാച്ചുകളാണ് സഞ്ജു കൈപിടിയിലാക്കിയത്.
മുംബൈ താരങ്ങളായ ദുപെന്‍ ലാല്‍വാനി, അജിങ്ക്യ രഹാനെ, സുവേദ് പര്‍ക്കര്‍, ശിവം ദൂബെ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരുടെ ക്യാച്ചുകള്‍ ആണ് സഞ്ജു സ്വന്തമാക്കിയത്.
കഴിഞ്ഞ അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും സഞ്ജു വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തില്‍ ഒരു തകര്‍പ്പന്‍ സ്റ്റംപിങ്ങും സഞ്ജു നടത്തിയിരുന്നു. ഇതിന് പുറമെ സൂപ്പര്‍ ഓവറിലും സഞ്ജു ഒരു റണ്‍ ഔട്ട് ഇന്ത്യക്ക് നേടികൊടുത്തിരുന്നു.
കേരളത്തിന്റെ ബൗളിങ് നിരയില്‍ ശ്രേയസ് ഗോപാല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 28 റണ്‍സ് വിട്ടുനല്‍കിയാണ് ഗോപാല്‍ നാലു വിക്കറ്റുകള്‍ നേടിയത്. ഗോപാലിന് പുറമേ ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവരും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.