Sports News
ദുലീപ് ട്രോഫിയില്‍ വെടിക്കെട്ടുമായി സഞ്ജു; 11 റണ്‍സ് അകലെ കാത്തിരിക്കുന്നത് മിന്നും നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 19, 01:19 pm
Thursday, 19th September 2024, 6:49 pm

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയും ഇന്ത്യ ബിയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബി എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് ഇന്ത്യ ഡി നേടിയത്.

ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനത്താലാണ്. ആറാമനായി ഇറങ്ങിയ സഞ്ജു 83 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും 10 ഫോറും ഉള്‍പ്പെടെ 89 റണ്‍സാണ് നേടിയത്. 107.23 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഏറെ കാലത്തിന് ശേഷം സഞ്ജു മിന്നും തിരിച്ചുവരവ് നടത്തിയതിന്റെ അമ്പരപ്പിലാണ് ആരാധകരും. എന്നാല്‍ നാളെ മത്സരം തുടരുമ്പോള്‍ വെറും 11 റണ്‍സ് നേടിയാല്‍ വെറുമൊരു സെഞ്ച്വറി നേടാന്‍ മാത്രമല്ല സഞ്ജുവിന് സാധിക്കുക. ദുലീപ് ട്രോഫിയില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി നേട്ടമാണ് അടയാളപ്പെടുത്താന്‍ സാധിക്കുക.

മാത്രമല്ല ടീമിന് വേണ്ടി ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരായ ദേവദത്ത് പടിക്കല്‍ 50 റണ്‍സ് നേടിയപ്പോള്‍ ശ്രികര്‍ ഭരത് 52 റണ്‍സും റിക്കി ബുയ് 56 റണ്‍സും നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പൂജ്യം റണ്‍സിന് കൂടാരം കയറേണ്ടി വന്നിരുന്നു.

നിലവില്‍ സരണ്‍സ് ജെയ്ന്‍ 26 റണ്‍സുമായും സഞ്ജു 89 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്. ഇന്ത്യ ബിയ്ക്ക് വേണ്ടി രാഹുല്‍ ചഹര്‍ മൂന്ന് വിക്കറ്റുകല്‍ വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാര്‍, നവ്ദീപ് സാനി എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

 

Content Highlight: Sanju Samson Great Comeback In Duleep Trophy