രണ്ട് കളിയിലും ആനമുട്ട: അവസരം നഷ്ടപ്പെടുത്തി സഞ്ജു, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി
Sports News
രണ്ട് കളിയിലും ആനമുട്ട: അവസരം നഷ്ടപ്പെടുത്തി സഞ്ജു, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th July 2024, 8:39 pm

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരം തുടങ്ങിയിരിക്കുകയാണ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. മത്സരത്തില്‍ തുടക്കം തന്നെ ഇന്ത്യക്ക് ലങ്ക വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. രണ്ടാമത്തെ ഓവറില്‍ ടീം 11 റണ്‍സ് നേടിയപ്പോഴാണ് ജെയ്‌സ്വാളിനെ ഇന്ത്യക്ക് നഷ്ടമായത്. 9 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 10 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ശേഷം കളത്തില്‍ ഇറങ്ങിയത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ആയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിച്ചിട്ടും 0 റണ്‍സിന് പുറത്തായ സഞ്ജുവിന് ഈ മത്സരത്തില്‍ അവസരം ലഭിക്കുമോ എന്നുതന്നെ അറിയില്ലായിരുന്നു. എന്നാല്‍ മൂന്നാമനായി അവസരം കിട്ടിയിട്ടും സഞ്ജു നാല് പന്ത് കളിച്ച് പൂജ്യം റണ്‍സിന് വീണ്ടും പുറത്താക്കുകയായിരുന്നു.

അവസരങ്ങള്‍ മുതലാക്കാതെ കോണ്‍സ്റ്റന്റ് ആയി കളിക്കുന്നില്ല എന്ന ദുഷ്‌പേര് മാറ്റാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. മൂന്നാം ഓവറിലെ അവസാന പന്തില്‍ അരങ്ങേറ്റക്കാരന്‍ ചമിന്തു വിക്രമസിംഹേയുടെ പന്തില്‍ ഹസരങ്കയുടെ കയ്യില്‍ ക്യാച്ച് കൊടുത്താണ് സഞ്ജു വീണ്ടും നാണംകെട്ടത്.

ശേഷം ഇറങ്ങിയ റിങ്കു സിങ്ങിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മഹേഷ് തീക്ഷണയുടെ പന്തില്‍ മതീഷ പതിരാനക്ക് ക്യാച്ച് കൊടുത്ത് ഒരു റണ്ണുമായാണ് താരം മടങ്ങിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 8 റണ്‍സ് നേടി നില്‍ക്കവെ അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ഹസരങ്കയുടെ കയ്യില്‍ അകപ്പെടുകയും ചെയ്തു.

നിലവില്‍ 11 റണ്‍സുമായും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഒരു റണ്‍സുമായി ശിവം ദുബെയുമാണ് ക്രീസില്‍ തുടരുകയാണ്. 7 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് ആണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍: ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്

ശ്രീലങ്കന്‍ പ്ലെയിങ് ഇലവന്‍: പത്തും നിസങ്ക, കുശാല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), കുശാല്‍ പരേര, കമിന്തു മെന്‍ഡിസ് , ചരിത് അസലങ്ക (ക്യാപ്റ്റന്‍), ചമിന്തു വിക്രമസിംഹേ, വനിന്ദു ഹസരങ്ക, രമേശ് മെന്‍ഡിസ്, മനീഷ് തീക്ഷണ, മതീഷ പതിരാന, അസിത ഫെര്‍ണാണ്ടൊ

 

 

Content highlight: Sanju Samson Gone Duck Again