| Friday, 5th May 2023, 7:39 pm

പടച്ചോനെ.. ആരൊക്കെയാ ടീമില്‍ ഉള്ളത്! പഠിച്ചതൊക്കെ മറന്നല്ലോ; ടോട്ടല്‍ കണ്‍ഫ്യൂഷനില്‍ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 48ാം മത്സരമാണ് നടക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ഹോം ടീമിന്റെ എതിരാളികള്‍.

സീസണില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം രാജസ്ഥാനൊപ്പമായിരുന്നു. ഇതുവരെ നാല് മത്സരങ്ങളില്‍ രാജസ്ഥാനും ഗുജറാത്തും പരസ്പരം കൊമ്പുകോര്‍ത്തപ്പോള്‍ മൂന്ന് തവണയും ഗുജറാത്തായിരുന്നു വിജയം രുചിച്ചത്.

മികച്ച രീതിയില്‍ തുടങ്ങി ടൂര്‍ണമെന്റിന്റെ പകുതിയിലെത്തിയപ്പോള്‍ പതറുന്ന രാജസ്ഥാനാണ് ഐ.പി.എല്ലിലെ കാഴ്ച. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് വിജയവുമായി പട്ടികയില്‍ നാലാമതാണ് രാജസ്ഥാന്‍.

ടൈറ്റന്‍സിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയപാതയിലേക്ക് മടങ്ങിയെത്താന്‍ തന്നെയാകും സഞ്ജുവും കൂട്ടരും ഒരുങ്ങുന്നത്. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും സാധിക്കും.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും അത് കൃത്യമായി ഡിഫന്‍ഡ് ചെയ്യാനുമാണ് രാജസ്ഥാന്‍ ഒരുങ്ങുന്നതെന്നാണ് സഞ്ജു പറഞ്ഞത്.

ടോസിന് ശേഷം ടീമിലെ മാറ്റങ്ങളെ കുറിച്ച് സഞ്ജുവിനോട് ചോദിച്ചപ്പോള്‍ താരത്തിന് അക്കാര്യം പൂര്‍ണമായും മറന്നുപോയിരുന്നു. മറന്നുപോയല്ലോ എന്നായിരുന്നു സഞ്ജുവും പറഞ്ഞത്. ഇതിന് പിന്നാലെ ഓര്‍മ വീണ്ടെടുത്ത സഞ്ജു ഹോള്‍ഡറിന് പകരം ആദം സാംപയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതായും പറഞ്ഞു.

തങ്ങള്‍ ടോസ് വിജയിക്കുകയാണെങ്കില്‍ ബാറ്റിങ് തെരഞ്ഞെടുക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും വ്യക്തമാക്കിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആദം സാംപ, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, ജോസ് ബട്‌ലര്‍, സന്ദീപ് ശര്‍മ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട്, യശസ്വി ജെയ്‌സ്വാള്‍, യൂസ്വേന്ദ്ര ചഹല്‍.

ഗുജറാത്ത് ടൈറ്റന്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

Content highlight: Sanju Samson forgets about the changes in his team

We use cookies to give you the best possible experience. Learn more