ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായ താരമാണ് മലയാളിയായ സഞ്ജു സാംസണ്‍ ഐ.പി.എല്‍ പതിനൊന്നാം സീസണിലെ റണ്‍വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുന്ന സഞ്ജുവിനു ആരാധകരും ഏറെയാണ്. ഐ.പി.എല്ലില്‍ രാജസ്ഥാനിലൂടെ അരങ്ങേറ്റം കുറിച്ച സഞ്ജു കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായിരുന്നു. രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ തിരിച്ചെത്തിയപ്പോള്‍ മടങ്ങിയെത്തിയ താരം സീസണിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ്.
ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ പ്രശംസിച്ച നിരവധി താരങ്ങളാണ് രംഗത്തെത്തിയിരുന്നത്. ഇതിനെതിരെ മുന്‍ താരം വിനോദ് കാംബ്ലി രംഗത്തെത്തിയതും ഇതിനെതിരെ മലയാളികള്‍ സോഷ്യല്‍മീഡിയയില്‍ പൊങ്കാലയുമായി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.
ഇതേസമയം തന്നെയാണ് രാജസ്ഥാനില്‍ നിന്നുള്ള ഒരു “കട്ട ആരാധിക”യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന മുംബൈ രാജസ്ഥാന്‍ മത്സരത്തിനിടെയിലാണ് മുഖത്ത് ഇന്ത്യന്‍ പതാകയുടെ നിറം പോലെ ത്രിവര്‍ണം കൊണ്ടു സഞ്ജു എന്നെഴുതി ആര്‍പ്പുവിളികളുമായി ആരാധിക പ്രത്യക്ഷപ്പെട്ടത്.
“ഷെഫാലി ചുഗ്” എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സഞ്ജു ഫാനായ പെണ്‍കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ശ്രദ്ധയില്‍പെട്ടതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ സഞ്ജു അര്‍ധസെഞ്ചുറി നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
സീസണില്‍ ഇതുവരെ രണ്ട് അര്‍ധസെഞ്ചുറിയുള്‍പ്പെടെ 239 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെ നേടിയ 92 റണ്‍സും.