സച്ചിനും സേവാഗിനും ഗാംഗുലിക്കുമില്ലാത്ത ഐതിഹാസിക നേട്ടം കൈവരിക്കാനുള്ള അവസരമുണ്ടായിട്ടും നശിപ്പിച്ചു; പറ്റിയാല്‍ അടുത്ത സീസണില്‍ നേടാം
IPL
സച്ചിനും സേവാഗിനും ഗാംഗുലിക്കുമില്ലാത്ത ഐതിഹാസിക നേട്ടം കൈവരിക്കാനുള്ള അവസരമുണ്ടായിട്ടും നശിപ്പിച്ചു; പറ്റിയാല്‍ അടുത്ത സീസണില്‍ നേടാം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th May 2023, 11:08 pm

ആരാധകരെ വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ മോശം ഷോട്ട് സെലക്ഷന്‍ വിനയായപ്പോള്‍ തലകുനിച്ച് നില്‍ക്കാന്‍ മാത്രമാണ് സഞ്ജുവിന് സാധിച്ചത്. മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രം നേടി വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

പഞ്ചാബിനെതിരായ മത്സരത്തില്‍ കരിയറിലെ ഏറ്റവും വലിയൊരു നാഴികക്കല്ല് പിന്നിടാനുള്ള അവസരവും സഞ്ജുവിനുണ്ടായിരുന്നു. എന്നാല്‍ ഒറ്റയക്കത്തിന് പുറത്തായതോടെ ആ നേട്ടവും സഞ്ജുവിന് ഈ സീസണില്‍ കിട്ടാക്കനിയായവുകയാണ്.

ടി-20 ഫോര്‍മാറ്റില്‍ 6,000 റണ്‍സ് തികയ്ക്കുന്ന താരമാകാനുള്ള അവസരമാണ് സഞ്ജു പാഴാക്കിക്കളഞ്ഞത്. പഞ്ചാബിനെതിരെ ധര്‍മശാലയിലേക്കിറങ്ങും മുമ്പേ 5,977 റണ്‍,സായിരുന്നു സഞ്ജുവിനുണ്ടായിരുന്നത്. പഞ്ചാബിനെതിരെ വെറും 23 റണ്‍സ് നേടാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഈ എലീറ്റ് പട്ടികയില്‍ ഇടം നേടാനും സഞ്ജുവിന് സാധിക്കുമായിരുന്നു.

എന്നാല്‍ നിര്‍ണായക മത്സരത്തില്‍ കളി മറക്കുന്ന സഞ്ജു വീണ്ടും അത് ആവര്‍ത്തിക്കുകയായിരുന്നു.

11 ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ടി-20യില്‍ 6000 റണ്‍സ് മാര്‍ക്ക് പിന്നിട്ടത്. ഇവര്‍ക്കൊപ്പം ഇടം പിടിക്കാനുള്ള അവസരവും സഞ്ജു പാഴാക്കുകയായിരുന്നു.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, എം.എസ്. ധോണി, ദിനേഷ് കാര്‍ത്തിക്, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, ഗൗതം ഗംഭീര്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടി-20യില്‍ ഇതിനോടകം 6000 റണ്‍സ് മാര്‍ക് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ചാലും പ്ലേ ഓഫ് സാധ്യതള്‍ തുലോം കുറവാണെന്നിരിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ സീസണിലെ അവസാന മത്സരമായിരിക്കും ധര്‍മശാലയിലേത്. സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് ഇനി മത്സരങ്ങള്‍ ബാക്കിയില്ലാത്തതിനാല്‍ അടുത്ത സീസണിലോ മറ്റേതെങ്കിലും ടി-20 മത്സരത്തിലോ സഞ്ജുവിന് ഈ നേട്ടം സ്വന്തമാക്കേണ്ടി വരും.

 

Content Highlight: Sanju Samson failed to achieve the iconic achievement in T20