ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. എതിരാളികളെ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ അനുവദിക്കാതെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വൈറ്റ് വാഷ് ചെയ്താണ് ഇന്ത്യ സ്വന്തമാക്കിയത്.
പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പ്രകടനം ആരാധകര്‍ക്ക് ഏറെ നിരാശയാണ് സമ്മാനിച്ചത്. പരമ്പരയില്‍ കളിച്ച രണ്ട് മത്സരത്തിലും പൂജ്യത്തിനാണ് താരം പുറത്തായത്.
പരമ്പരയില്‍ അവസരം ലഭിച്ച ആദ്യ ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായ സഞ്ജു അടുത്ത മത്സരത്തില്‍ നാല് പന്ത് നേരിട്ടാണ് പൂജ്യത്തിന് പുറത്തായത്.
പരമ്പരയിലെ അവസാന ടി-20യിലും പൂജ്യത്തിന് പുറത്തായതോടെ ഒരു മോശം നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന മോശം റെക്കോഡാണ് സഞ്ജുവിനെ തേടിയെത്തിയത്.
ഒരു വര്‍ഷത്തില്‍ ഏറ്റവുമധികം തവണ ടി-20ഐയില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍
(താരം – ഡക്ക് – വര്‍ഷം എന്നീ ക്രമത്തില്‍)
യൂസുഫ് പത്താന്‍ – 3 – 2009
രോഹിത് ശര്‍മ – 3 – 2018
രോഹിത് ശര്‍മ – 3 – 2022
വിരാട് കോഹ്‌ലി – 3 – 2024
സഞ്ജു സാംസണ്‍ – 3 – 2024*
ഇതിന് പുറമെ മറ്റൊരു മോശം നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ മറ്റൊരു രാജ്യത്തില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ താരമെന്ന അനാവശ്യ നേട്ടമാണ് സഞ്ജു നേടിയത്. 27, 7, 0, 0, 0 എന്നിങ്ങനെയാണ് ലങ്കന്‍ മണ്ണില്‍ സഞ്ജുവിന്റെ ടി-20ഐ പ്രകടനങ്ങള്‍.
കഴിഞ്ഞ ദിവസം നടന്ന മത്സരം സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്കും നിശ്ചിത ഓവറില്‍ 137 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
അവസാന രണ്ട് ഓവര്‍ പന്തെറിഞ്ഞ റിങ്കു സിങ്ങും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ശ്രീലങ്കയുടെ കയ്യിലുണ്ടായിരുന്ന മത്സരം തട്ടിപ്പറിച്ച് സൂപ്പര്‍ ഓവറിലെത്തിച്ചത്.
വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യക്കായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. ആദ്യ മൂന്ന് ലീഗല്‍ ഡെലിവെറിയില്‍ തന്നെ ലങ്കയുടെ രണ്ട് വിക്കറ്റും വീഴ്ത്തിയ വാഷിങ്ടണ്‍ ഇന്ത്യയുടെ ജയത്തിന് അടിത്തറയിട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി നായകന്‍ സൂര്യകുമാര്‍ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി കണ്ടെത്തിയതോടെ ഇന്ത്യ പരമ്പര ക്ലീന്‍ സ്വീപ് ചെയ്യുകയായിരുന്നു.
അതേസമയം, ടി-20 പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യക്ക് ഇനി ലങ്കയില്‍ കളിക്കാനുള്ളത്. ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന പരമ്പരക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദിയാകുന്നത്.
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര
ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.