സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വമ്പന്‍ തോല്‍വി. എലീറ്റ് സി (Elite C)യില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ 40 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. മുമ്പില്‍ നിന്ന് നയിക്കേണ്ട ക്യാപ്റ്റന്‍ സഞ്ജു തന്നെ പരാജയമായപ്പോള്‍ കേരളം തങ്ങളുടെ രണ്ടാം തോല്‍വിയുമേറ്റുവാങ്ങി.
മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ മഹാരാഷ്ട്ര നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണിങ്ങിനിറങ്ങിയ ഗെയ്ക്വാദ് തന്നെ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ കേരളം പരുങ്ങി. ഗെയ്ക്വാദിനൊപ്പം ക്രീസിലെത്തിയ പവന്‍ ഷായും കളമറിഞ്ഞ് കളിച്ചതോടെ മഹാരാഷ്ട്ര സ്‌കോര്‍ ഉയര്‍ന്നു.
മഹാരാഷ്ട്ര സ്‌കോര്‍ 84ല്‍ നില്‍ക്കവെയാണ് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 29 പന്തില്‍ നിന്നും 31 റണ്‍സുമായി പവന്‍ ഷാ ആണ് ആദ്യം മടങ്ങിയത്. സിജോമോന്‍ ജോസഫിന്റെ പന്തില്‍ സഞ്ജു ഷായെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
അതേ ഓവറില്‍ തന്നെ രാഹുല്‍ ത്രിപാഠിയെ ക്ലീന്‍ ബൗള്‍ഡാക്കി സിജോമോന്‍ വീണ്ടും കേരളത്തെ ഡ്രൈവിങ് സീറ്റിലിരുത്തി. എന്നാല്‍ ഒരറ്റത്ത് നിന്ന ഋതുരാജ് ആഞ്ഞടിച്ചുകൊണ്ടിരുന്നു.
ഇന്നിങ്‌സിന്റെ അവസാന പന്തിലായിരുന്നു ഗെയ്ക്വാദ് പുറത്തായത്. 68 പന്തില്‍ നിന്നും എട്ട് ഫോറും ഏഴ് സിക്‌സറുമടക്കം 114 റണ്‍സാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് മഹാരാഷ്ട്ര സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 44 പന്തില്‍ നിന്നും ഏഴ് ഫോറും ഒരു സിക്‌സറുമടക്കം 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.
എന്നാല്‍ രോഹന് പിന്തുണ നല്‍കാന്‍ ടീമില്‍ ഒരാള്‍ക്ക് പോലും സാധിക്കാതെ വന്നതോടെയാണ് കേരളം പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. ഓപ്പണര്‍ വിഷ്ണു വിനോദ് എട്ട് പന്തില്‍ നിന്നും പത്ത് റണ്‍സ് നേടിയപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ ഷോണ്‍ റോജര്‍ 12 പന്തില്‍ നിന്നും മൂന്ന് റണ്‍സ് നേടി പുറത്തായി.
ആറാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഏഴ് പന്തില്‍ നിന്നും മൂന്ന് റണ്‍സ് നേടി പുറത്തായി. സത്യജീത് ബച്ചാവിന്റെ പന്തില്‍ ഋതുരാജ് സ്റ്റംപ് ചെയ്താണ് സഞ്ജുവിനെ മടക്കിയത്.
എട്ടാമനായി ഇറങ്ങിയ സിജോമോന്‍ ജോസഫാണ് കേരള നിരയിലെ അല്‍പമെങ്കിലും പിടിച്ചുനിന്നത്. 20 പന്തില്‍ നിന്നും 18 റണ്‍സാണ് താരം സ്വന്തമാക്കിയത്.