രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിച്ചുകയറിയത്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെ ഏറ്റവുമയുര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അത് വേണ്ട വിധം പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജസ്ഥാന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.
രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും അവസാനം കളിച്ച ആറ് മത്സരത്തിലെ അഞ്ചാം തോല്‍വിയുമാണ് എസ്.എം.എസ്സില്‍ പിറന്നത്.
മത്സരം തോല്‍ക്കാനുള്ള കാരണമായി പ്രധാനമായും വിമര്‍ശനങ്ങളുയരുന്നത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കെതിരെ തന്നെയാണ്. ഇംപാക്ട് പ്ലെയറായ ഒബെഡ് മക്കോയ്‌യെ കളത്തിലിറക്കിയ സമയവും 19ാം ഓവര്‍ താരത്തിന് നല്‍കാതിരുന്നതുമാണ് ആരാധകര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കുല്‍ദീപ് യാദവ് എറിഞ്ഞ 19ാം ഓവര്‍ തന്നെയാണ് കളി രാജസ്ഥാന്റെ കയ്യില്‍ നിന്നും തട്ടിയെടുത്തതും.
അവസാന രണ്ട് ഓവറില്‍ 41 ഓറഞ്ച് ആര്‍മിക്ക് വിജയിക്കാനായി വേണ്ടിയിരുന്നത്. അപ്രാപ്യമെന്ന് തോന്നിച്ച ഈ സ്‌കോര്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ കാമിയോയിലൂടെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്ന് സിക്‌സറടക്കം 24 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന 17 റണ്‍സും ഉദയസൂര്യന്‍മാര്‍ സ്വന്തമാക്കിയതോടെ വിജയം അവര്‍ക്കൊപ്പം നിന്നു.
തോല്‍വിക്ക് പിന്നാലെ പോസ്റ്റ് മാച്ച് പ്രെസന്റേഷനിലെ ഹല്ലാ ബോല്‍ നായകന്‍ സഞ്ജുവിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. വിജയമുറപ്പിച്ചിടത്ത് നിന്നും തോല്‍വിയിലേക്ക് വഴുതി വീണതിന്റെ ആഘാതത്തില്‍ ഒരക്ഷരം പോലും സംസാരിക്കാനില്ലാത്ത അവസ്ഥയിലായിരുന്നു മലയാളി താരം.
‘രാജസ്ഥാന്‍ റോയല്‍സ് കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യണമായിരുന്നോ?’ എന്ന ചോദ്യത്തോട് ‘അത് നല്ല ചോദ്യമായിരുന്നു, പക്ഷേ എനിക്കറിയില്ല’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
സണ്‍റൈസേഴ്‌സിനോട് പരാജയപ്പെട്ടെങ്കിലും പ്ലേ ഓഫിന് രാജസ്ഥാന്റെ മുമ്പില്‍ വിദൂര സാധ്യതകളുണ്ട്. ഇനിയുള്ള മൂന്ന് മത്സരങ്ങളും മികച്ച മാര്‍ജിനില്‍ വിജയിക്കുകയാണ് അതിനായി ആദ്യം ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ ഒരുപക്ഷേ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടക്കാന്‍ രാജസ്ഥാന് സാധിച്ചേക്കും.