| Monday, 11th November 2024, 2:06 pm

അഞ്ചില്‍ നാലും 2024ല്‍; രോഹിത് ഒന്നാമനായ പടുകുഴിയിലേക്ക് ചെന്നുവീണ് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി ആതിഥേയര്‍ ഒപ്പമെത്തിയിരിക്കുകയാണ്. സെന്റ് ജോര്‍ജ്സ് ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു പ്രോട്ടിയാസിന്റെ ജയം.

ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണില്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ സഞ്ജുവാകട്ടെ പാടെ നിരാശപ്പെടുത്തി. നേരിട്ട മൂന്നാം പന്തില്‍ സംപൂജ്യനായാണ് താരം പുറത്തായത്.

അവസാനം കളിച്ച രണ്ട് മത്സരത്തിലും സെഞ്ച്വറി കണ്ടെത്തിയ സഞ്ജു മാജിക് സെന്റ് ജോര്‍ജ്സിലും കളം വാഴുമെന്ന് പ്രതീക്ഷിച്ചവര്‍ക്കെല്ലാം നിരാശ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെ ഒരു മോശം ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് സഞ്ജു. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയിലാണ് സഞ്ജു മൂന്നാമനായത്.

ഇത് അഞ്ചാം തവണയാണ് സാംസണ്‍ അന്താരാഷ്ട്ര ടി-20യില്‍ ഡക്കായി മടങ്ങുന്നത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – ഡക്ക് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 151 – 12

വിരാട് കോഹ്‌ലി – 117 – 7

സഞ്ജു സാംസണ്‍ – 31 – 5*

കെ.എല്‍. രാഹുല്‍ – 68 – 5

വാഷിങ്ടണ്‍ സുന്ദര്‍ – 20 – 4

ശ്രേയസ് അയ്യര്‍ – 47 – 4

റിഷബ് പന്ത് – 66 – 4

ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരമെന്ന അനാവശ്യ നേട്ടവും സഞ്ജു തന്റെ പേരിന് നേരെ കുറിച്ചു. ഇത് നാലാം തവണയാണ് സഞ്ജു 2024ല്‍ ഡക്കായി മടങ്ങുന്നത്.

അന്താരാഷ്ട്ര ടി-20യില്‍ ഒരു കണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഡക്ക് – വര്‍ഷം എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 4* – 2024

യൂസുഫ് പത്താന്‍ – 3 – 2009

രോഹിത് ശര്‍മ – 3 – 2018

രോഹിത് ശര്‍മ – 3 – 2022

വിരാട് കോഹ്ലി – 3 – 2024

അതേസമയം, നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച പ്രോട്ടിയാസ് 1-1ന് പരമ്പരയില്‍ ഒപ്പമെത്തി. വരുണ്‍ ചക്രവര്‍ത്തിയുടെ കൊടുങ്കാറ്റിന് മുമ്പില്‍ തളരാതെ ബാറ്റ് വീശിയ ട്രിസ്റ്റണ്‍ സ്റ്റബ്സിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക മത്സരം സ്വന്തമാക്കിയത്.

ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി ഫൈഫര്‍ പൂര്‍ത്തിയാക്കി. നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു താരത്തിന്റെ ബൗളിങ് പ്രകടനം.

നവംബര്‍ 13നാണ് പരമ്പരയിലെ അടുത്ത മത്സരം. സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്കാണ് വേദി.

Content Highlight: Sanju Samson created an unwonted record

We use cookies to give you the best possible experience. Learn more