ചെന്നൈക്കെതിരെ നാണക്കേടിന്റെ റെക്കോഡിൽ സഞ്ജു; സ്വന്തം കരിയർ തിരുത്തിയെഴുതിയ കളിയിൽ തന്നെ തിരിച്ചടിയും
Cricket
ചെന്നൈക്കെതിരെ നാണക്കേടിന്റെ റെക്കോഡിൽ സഞ്ജു; സ്വന്തം കരിയർ തിരുത്തിയെഴുതിയ കളിയിൽ തന്നെ തിരിച്ചടിയും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th May 2024, 11:24 am

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റുകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് പരാജയപ്പെടുത്തിയിരുന്നു. സീസണിലെ രാജസ്ഥാന്റെ നാലാം തോല്‍വിയായിരുന്നു ഇത്.

ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.2 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് നിരയില്‍ 35 പന്തില്‍ പുറത്താവാതെ 47 റണ്‍സ് നേടി റിയാന്‍ പരാഗ് നിര്‍ണായകമായി. ഒരു ഫോറും മൂന്ന് സിക്സുകളും ആണ് താരം നേടിയത്.

മത്സരത്തില്‍ നായകന്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ 15 റണ്‍സാണ് നേടിയത്. ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 200+ റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും കുറഞ്ഞ ആവറേജ് ഉള്ള രണ്ടാമത്തെ താരം എന്ന മോശം നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 15.4 ആവറേജ് ആണ് സഞ്ജുവിന് ഉള്ളത്.

 

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 200+ റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും കുറഞ്ഞ ആവറേജ് ഉള്ള താരം, ആവറേജ് എന്നീ ക്രമത്തില്‍

മായങ്ക് അഗര്‍വാള്‍-15.4

സഞ്ജു സാംസണ്‍-15.4

മന്ദീപ് സിങ്-18.4

മനീഷ് പാണ്ഡെ-20.9

മത്സരം പരാജയപ്പെട്ടെങ്കിലും 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയത്തോടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെയാണ് രാജസ്ഥാന്‍. മെയ് 15ന് പഞ്ചാബ് കിങ്സിനെതിരെയും മെയ് 19ന് കൊല്‍ക്കത്ത നൈറ്റ് റൈഡേസിനെതിരെയും ആണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരങ്ങള്‍.

Content Highlight: Sanju Samson create a unwanted record against CSK