ഇന്ത്യ-സിംബാബ്‌വേ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സിംബാബ്‌വേയെ 42 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.
ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിം ബാബ് വേ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വേ 18.3 ഓവറില്‍ 125 റണ്‍സിന് പുറത്താവുകയായിരുന്നു.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് കൂറ്റന്‍ സിക്‌സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തില്‍ സഞ്ജുവിന്റെ ആദ്യ ഫോര്‍ പിറന്നത് 54 റണ്‍സ് നേടിയതിന് ശേഷമായിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സഞ്ജു സ്വന്തമാക്കി. ടി-20യില്‍ ഒരു ഇന്നിങ്‌സില്‍ ഒരു ഫോര്‍ നേടുന്നതിനു മുമ്പായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാനാണ് സഞ്ജുവിന് സാധിച്ചത്.
കഴിഞ്ഞ ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ വെസ്റ്റ് ഇന്‍ഡീസ് താരം ഷര്‍ഫാനേ റൂഥര്‍ഫോര്‍ഡ് നേടിയ 52 റണ്‍സ് മറികടന്നു കൊണ്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നായകന്റെ മുന്നേറ്റം. ആ മത്സരത്തില്‍ 39 പന്തില്‍ പുറത്താവാതെ 68 റണ്‍സ് നേടി കൊണ്ടായിരുന്നു റൂഥർഫോർഡിന്റെ തകര്‍പ്പന്‍ പ്രകടനം. രണ്ട് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.
സഞ്ജുവിന് പുറമേ ശിവം ദുബെ 12 പന്തില്‍ 26 റണ്‍സും റിയാന്‍ പരാഗ് 24 പന്തില്‍ 22 നേടി നിര്‍ണായകമായി.
സിംബാബ്‌വേ ബൗളിങ്ങില്‍ ബ്ലെസ്സിങ് മുസാറബാനിയെ രണ്ട് വിക്കറ്റും ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് എൻനഗാരവ, ബ്രാന്‍ഡന്‍ മാവുത എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടിയ മുകേഷ് കുമാര്‍ ആണ് സിംബാബ്‌വേയെ എറിഞ്ഞു വീഴ്ത്തിയത്. ദുബെ രണ്ട് വിക്കറ്റും അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായപ്പോള്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
32 പന്തില്‍ 34 റണ്‍സ് നേടി ഡിയോണ്‍ മിയേഴ്‌സാണ് സിംബാബ്‌വേ നിരയിലെ ടോപ് സ്‌കോറര്‍. 13 പന്തില്‍ 27 റണ്‍സ് നേടി ഫറാസ് അക്രമും 24 പന്തില്‍ 27 തടിവനാശേ മരുമാണിയും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
Content Highlight: Sanju Samson Create a New Record in T20