വെറും നാല് വർഷം! ചരിത്രനേട്ടത്തിലെത്തുന്ന ആദ്യ ക്യാപ്റ്റൻ സഞ്ജു; തിരുത്തിക്കുറിച്ചത് 16 വർഷത്തെ ചരിത്രം
Cricket
വെറും നാല് വർഷം! ചരിത്രനേട്ടത്തിലെത്തുന്ന ആദ്യ ക്യാപ്റ്റൻ സഞ്ജു; തിരുത്തിക്കുറിച്ചത് 16 വർഷത്തെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th May 2024, 11:19 am

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് അഞ്ചു വിക്കറ്റുകള്‍ക്ക് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

എന്നാല്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തിന് മുമ്പ് തന്നെ സഞ്ജുവും കൂട്ടരും നേരത്തെ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. മെയ് 14ന് നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് 19 റണ്‍സിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് മുന്നേറിയത്.

ഇതിനു പിന്നാലെ ഒരു ചരിത്ര നേട്ടമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. രണ്ട് തവണ രാജസ്ഥാനെ പ്ലേ ഓഫിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഇതിനുമുമ്പ് സഞ്ജുവിന്റെ നേതൃത്വത്തില്‍ 2022ല്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പരാജയപ്പെട്ട് സഞ്ജുവിനും കൂട്ടര്‍ക്കും കിരീടം നഷ്ടമാവുകയായിരുന്നു.

ഐ.പി.എല്‍ ഇത് ആറാം തവണയാണ് രാജസ്ഥാന്‍ പ്ലേ ഓഫിന് യോഗ്യത നേടുന്നത്. ഇതിന് മുമ്പ് 2008, 2013, 2015, 2018, 2022 എന്നീ സീസണുകളിലായിരുന്നു രാജസ്ഥാന്‍ പ്ലേ ഓഫില്‍ എത്തിയത്. ഷെയ്ന്‍ വോണ്‍, സ്റ്റീവ് സ്മിത്ത്, ഷെയ്ന്‍ വാട്‌സണ്‍, അജിങ്ക്യ രഹാനെ എന്നിവരുടെ കീഴിലായിരുന്നു രാജസ്ഥാന്‍ ഇതിനുമുമ്പ് പ്ലേ ഓഫിലേക്ക് മുന്നേറിയത്.

ക്യാപ്റ്റന്‍സില്‍ മാത്രമല്ല ബാറ്റിങ്ങിലും ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു നടത്തുന്നത്. 13 മത്സരങ്ങളില്‍ നിന്നും 104 റണ്‍സാണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 56 ആവറേജും 156 സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിന് ഉള്ളത്.

മെയ് 19ന് ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ രാജസ്ഥാന്റെ അവസാന മത്സരം. ബര്‍സാപുര സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson create a new record in IPL