ഇന്ത്യയുടെ തോല്‍വിയിലും സഞ്ജു ആരാധകര്‍ക്ക് സന്തോഷിക്കാം, 'കഷ്ടപ്പെട്ടാണെങ്കിലും' അവന്‍ അത് നേടി
Sports News
ഇന്ത്യയുടെ തോല്‍വിയിലും സഞ്ജു ആരാധകര്‍ക്ക് സന്തോഷിക്കാം, 'കഷ്ടപ്പെട്ടാണെങ്കിലും' അവന്‍ അത് നേടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th August 2023, 7:48 am

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ എട്ട് വിക്കറ്റിന് പരാജയപ്പെട്ടാണ് ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തിയത്. ഇതോടെ ഒന്നര പതിറ്റാണ്ടിലേറെയായി ഇന്ത്യക്കെതിരെ ഒരു ബൈലാറ്ററല്‍ സീരീസില്‍ പരമ്പര ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേരും വെസ്റ്റ് ഇന്‍ഡീസ് മാറ്റിയെടുത്തു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സിലാണ് ഇന്ത്യ മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്.

166 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് എട്ട് വിക്കറ്റും 12 പന്തും ബാക്കി നില്‍ക്കവെ വിജയം സ്വന്തമാക്കുകയായിരുന്നു.

ബാറ്റിങ്ങില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയിരുന്നു. ഒമ്പത് പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 13 റണ്‍സാണ് താരം നേടിയത്. 144.44 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. പരമ്പരയിലെ സഞ്ജുവിന്റെ മികച്ച സ്‌കോറാണ് ഇത്.

ബാറ്റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും ഒരു റെക്കോഡ് നേടിയാണ് സഞ്ജു ഇന്ത്യ – വിന്‍ഡീസ് പരമ്പരയോട് വിട പറയുന്നത്. ടി-20 ഫോര്‍മാറ്റില്‍ 6,000 റണ്‍സ് എന്ന മാര്‍ക് സഞ്ജു സാംസണ്‍ പിന്നിട്ടിരിക്കുകയാണ്. ഈ നേട്ടം കൈപ്പിടിയിലൊതുക്കുന്ന 13ാമത് ഇന്ത്യന്‍ താരവും 61ാമത് താരവുമാണ് സഞ്ജു സാംസണ്‍.

കഴിഞ്ഞ മത്സരത്തില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നലെയാണ് സഞ്ജുവിനെ തേടി ഈ റെക്കോഡ് എത്തിയിരിക്കുന്നത്.

246 മത്സരങ്ങളിലെ 237 ഇന്നിങ്‌സുകളില്‍ നിന്നുമായി 6,011 റണ്‍സാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 28.35 എന്ന ശരാശരിയിലും 132.95 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സാംസണ്‍ 6,000 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുന്നത്.

കുറച്ചധികം കഷ്ടപ്പെട്ടാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്‍ 2023ലെ അവസാന മത്സരം മുതല്‍ സഞ്ജു ഈ നേട്ടത്തിന് പിന്നാലെയാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 23 റണ്‍സ് നേടിയാല്‍ 6,000 റണ്‍സ് എന്ന മാജിക്കല്‍ നമ്പര്‍ പിന്നിടാമെന്നിരിക്കെ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് നേടിയാണ് താരം പുറത്തായത്.

ശേഷം ഇന്ത്യ – വിന്‍ഡീസ് പരമ്പരയിലാണ് താരം ടി-20യില്‍ ബാറ്റേന്തുന്നത്. ആദ്യ മത്സരത്തില്‍ 21 റണ്‍സ് നേടിയാല്‍ ഈ റെക്കോഡ് സ്വന്തമാകുമെന്നിരിക്കെ 12 റണ്‍സിന് താരം പുറത്തായി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സിന് പുറത്തായ സഞ്ജുവിന് മൂന്ന്, നാല് മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഒടുവില്‍ അഞ്ചാം ടി-20യിലാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്.

 

ഈ പരമ്പരയിലെ മൂന്ന് ഇന്നിങ്‌സില്‍ നിന്നും 32 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. കഷ്ടിച്ച് പത്തിന് മുകളില്‍ ആവറേജും 145.45 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ഈ പരമ്പരയില്‍ സഞ്ജുവിനുള്ളത്.

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലാണ് സഞ്ജു ഇനി കളിക്കുക. ടി-20 ഫോര്‍മാറ്റില്‍ നടക്കുന്ന പര്യടനത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ഫസ്റ്റ് ഓപ്ഷനായി ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും പലതും തെളിയിച്ചുതന്നെ സഞ്ജുവിന് ടീമില്‍ തന്റെ സ്ഥാനം ഉറപ്പാക്കേണ്ടി വരും.

 

Content Highlight: Sanju Samson completes 6000 T20 runs