ജയത്തിനും പ്ലെയര്‍ ഓഫ് ദി മാച്ചിനുമൊപ്പം കരിയറിലെ സുപ്രധാന നാഴികക്കല്ലും; അജയ്യനായി സഞ്ജു
Sports News
ജയത്തിനും പ്ലെയര്‍ ഓഫ് ദി മാച്ചിനുമൊപ്പം കരിയറിലെ സുപ്രധാന നാഴികക്കല്ലും; അജയ്യനായി സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd December 2023, 7:39 am

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ജയം. നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 78 റണ്‍സിന് വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ബാറ്റിങ്ങില്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറിയും ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനവുമാണ് ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തത്.

ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്ക 45.5 ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കായി സഞ്ജു സാംസണ്‍ 114 പന്തില്‍ 108 റണ്‍സ് നേടി പുറത്തായി. 77 പന്തില്‍ 52 റണ്‍സടിച്ച തിലക് വര്‍മയുടെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. ഒമ്പത് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അര്‍ഷ്ദീപ് നേടിയത്.

 

 

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും കരിയറിലെ നാഴികക്കല്ലും സഞ്ജു സാംസണെ തേടിയെത്തിയിരുന്നു. ഏകദിനത്തിലെ 500 റണ്‍സ് എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.

16 മത്സരത്തിലെ 14 ഇന്നിങ്‌സില്‍ നിന്നും 510 റണ്‍സാണ് സഞ്ജു നേടിയത്. 56.66 എന്ന ശരാശരിയിലും 99.60 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു റണ്‍സടിക്കുന്നത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു തന്റെ പേരില്‍ കുറിച്ചത്.

ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്നവരുടെ പട്ടികയിലും ഇതോടെ സഞ്ജു ഇടം പിടിച്ചു.

 

ഇന്ത്യക്കായി വേഗത്തില്‍ 500 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കളിച്ച ഇന്നിങ്‌സ്, താരം എന്നീ ക്രമത്തില്‍)

10 – ശുഭ്മന്‍ ഗില്‍

11 – നവ്‌ജ്യോത് സിങ് സിദ്ധു

12 – ഇഷാന്‍ കിഷന്‍

13 – ശിഖര്‍ ധവാന്‍, കേദാര്‍ ജാദവ്, ശ്രേയസ് അയ്യര്‍

14 – സഞ്ജു സാംസണ്‍

ഇതിന് പുറമെ 50+ ശരാശരിയില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനും സഞ്ജുവിന് സാധിച്ചു. വിരാട് കോഹ്‌ലി, എം.എസ്. ധോണി, ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് സഞ്ജുവിന് പുറമെ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിന് പുറമെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരം എന്ന നേട്ടവും സഞ്ജുവിനെ തേടിയെത്തി. നിര്‍ണായക മത്സരത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു തന്നെയാണ് കളിയിലെ കേമനും.

 

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20 പരമ്പരയും ഏകദിന പരമ്പരയുമാണ് ഇപ്പോള്‍ അവസാനിച്ചത്. ടി-20 പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ഏകദിന പരമ്പര ഇന്ത്യ 2-1ന് ജയിച്ചു.

ടെസ്റ്റ് പരമ്പരയാണ് ഇനി പര്യടനത്തില്‍ ബാക്കിയുള്ളത്. ഡിസംബര്‍ 26നാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് അരങ്ങേറുന്നത്. സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്കാണ് വേദി.

 

Content Highlight: Sanju Samson completes 500 ODI runs